സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതെയുമൊക്കെ തന്റെ ഇംഗ്ലീഷ് പാണ്ഡിത്യം കൊണ്ട് ഞെട്ടിക്കുന്നയാളാണ് ശശി തരൂര്‍. അദ്ദേഹം പ്രയോഗിക്കുന്ന പല വാക്കിന്റേയും അര്‍ത്ഥം അന്വേഷിച്ച് ഡിക്ഷണറികള്‍ തിരയുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ അതേ ശശി തരൂരിനെ ഇംഗ്ലീഷിലെ അറിവു കൊണ്ട് ഒരാള്‍ തളച്ചിരിക്കുകയാണ്. തളക്കുക മാത്രമല്ല, തരൂരിന് പുതിയ ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു.

നെറ്റ് ഫ്‌ളിക്‌സിലെ ഹിറ്റ് സ്റ്റാന്റ് അപ്പ് ഷോയായ പാട്രിയോട്ട് ആക്ടിലായിരുന്നു സംഭവം. അവതരാകനായ ഹസന്‍ മിന്‍ഹാജാണ് ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം ചോദിച്ച് തരൂരിനെ കുടുക്കിയത്. ‘FLEEK’,’THICC’, തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥമാണ് ഹസന്‍ തരൂരിനോട് ചോദിച്ചത്. എന്നാല്‍ ഇതിനൊന്നും ഉത്തരം നല്‍കാന്‍ തരൂരിന് സാധിച്ചില്ല.

പരിപാടിയില്‍ ഹസന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചും തരൂരിനോട് ആരാഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഹസന്റെ ചോദ്യത്തിന് തരൂര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു.

”പല അര്‍ത്ഥത്തിലും ഇന്ത്യയുടെ ആത്മാവ് തേടിയുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. കഴിഞ്ഞ നാലര വര്‍ഷമായി ഒരു പാര്‍ട്ടിയാണ് അധികാരത്തിലുള്ളത്. ഇന്ത്യ മുന്നോട്ട് വെക്കുന്ന പല ആശയങ്ങളും ഈ കാലയളവില്‍ മോശം വന്നിരിക്കുന്നു. കുട്ടികള്‍ വളര്‍ന്നു വരേണ്ട, ഞാന്‍ സംസാരിക്കേണ്ട ഇന്ത്യയല്ലിത്” തരൂര്‍ പറഞ്ഞു.

Read More: ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍; ബിജെപി ‘നാടക’ത്തിനെതിരെ ശശി തരൂര്‍

അതേസമയം, പരിപാടിയ്‌ക്കെതിരെ സംഘപരിവാറില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ നടപ്പിലാക്കിയ പദ്ധതികളും വാഗ്ദാന ലംഘനങ്ങളേയും കുറിച്ചാണ് ഹസന്‍ പരിപാടിയില്‍ സംസാരിച്ചത്. ബലാക്കോട്ട് ആക്രമണം അടക്കം അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ മോദിയേയും ബിജെപിയേയും മോശമായി ചിത്രീകരിക്കുകയാണെന്നാണ് സംഘപരിവാറിന്റെ ആരോപണം.

ഇതേ തുടര്‍ന്ന് പരിപാടി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റാന്റ് കൊമേഡിയന്മാരായ കുണാല്‍ കാമ്ര അടക്കമുള്ളവരും സിനിമ-രാഷ്ട്രീയ പ്രവര്‍ത്തകരും ഹസന് പിന്തുയായി എത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook