കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ ചെലവിനായാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ഹര്‍ജി കേള്‍ക്കണമെന്ന ഹസിന്റെ ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഇതില്‍ ഷമിയുടെ അഭിപ്രായം കോടതി തേടിയെന്നും ഹസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസില്‍ ഹസിന്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഷമി, അദ്ദേഹത്തിന്റെ മാതാവ്, മൂത്ത സഹോദരന്‍, സഹോദരി, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഷമിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും ഹസിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ഷമിയുടെ സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നും ഹസിന്‍ പറയുന്നു. വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കുകയാണ്. താരത്തിനെതിരെ കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഒരു സ്ത്രീയുമായുള്ള ഷമിയുടെ വാട്‌സ്ആപ്പ് ചാറ്റ് ഹസിന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതോടെയായിരുന്നു വിവാദത്തിന് തുടക്കമായത്. താരത്തിന്റെ വൃത്തികെട്ട മുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളൂവെന്നും ഹസിന്‍ പറഞ്ഞിരുന്നു.
അതേസമയം, കേസ് കോടതിയ്ക്ക് പുറത്ത് വച്ചു തന്നെ ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങളുമായി ഷമിയുടെ കുടുംബം മുന്നോട്ട് പോവുകയാണ്. ഇതിനിടെ തന്നെ മറ്റ് നമ്പറുകളില്‍ നിന്നും വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ഷമി ഭീഷണിപ്പെടുത്തുന്നതായും ഹസിന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.