ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊല നടന്ന് 30 വര്‍ഷത്തിനിപ്പുറം നിര്‍ണായകമായ തെളിവ് സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുപ്രസിദ്ധ പ്രൊവിഷനല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പിഎസി) നടത്തിയ കൂട്ടക്കൊലയില്‍ പങ്കെടുത്തവരെ കുറിച്ച് പരാമര്‍ശിക്കുന്ന കാണാതെ പോയ ഡയറിയാണ് സര്‍ക്കാര്‍ ഹാജരാക്കിയത്.

കൂട്ടക്കൊലയ്ക്ക് സാക്ഷിയായ രണ്‍ഭീര്‍ സിങ് ബിഷ്ണോയി(78) വഴിയാണ് ഡയറി സമര്‍പ്പിച്ചത്. 1987ല്‍ ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ 2015ല്‍ കുറ്റവിമുക്തരാക്കപ്പെട്ടവരെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഡയറി. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടതോടെയാണ് കേസില്‍ കൂടുതല്‍ പുരോഗതി ഉണ്ടാവുന്നത്. 2015 മാര്‍ച്ചിലാണ് 16 പരെ കോടതി വെറുതെ വിട്ടത്. 40ല്‍ അധികം പേരെ ഒരു മഞ്ഞ വാനില്‍ പിഎസി ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയതായും അവരെ കൊലപ്പെടുത്തിയതായും തെളിഞ്ഞിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ കൊലപാതകം നടത്തിയത് പിഎസി ഉദ്യോഗസ്ഥര്‍ തന്നെയാണോ എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല, കുറ്റാരോപിതര്‍ തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമല്ല, പിഎസിയുടെ 41-ാം ബറ്റാലിയന്റെ വാഹനത്തിലാണോ തട്ടിക്കൊണ്ടു പോയതെന്ന് തെളിയിക്കാനായില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളെ വെറുതെ വിട്ടത്. അന്ന് ഉദ്യോഗസ്ഥരുടെ ജോലി വിവരങ്ങള്‍ എഴുതിയിരുന്ന ഡയറി കാണാതായതും കേസില്‍ പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചു. എന്നാല്‍ ഡയറി ഹാജരാക്കിയതോടെ കേസ് വീണ്ടും സജീവമാവുകയാണ്.

കൂട്ടക്കൊലപാതകം പൊലീസും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തി കൂട്ടക്കൊല നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതിചെയ്യുന്ന ഗാസിയാബാദ് പൊലീസ് സൂപ്രണ്ടായിരുന്ന വിഭൂതി നാരായണ്‍ റായ് രംഗത്തെത്തിയിരുന്നു. 1987 മെയ് 22നാണ് കുപ്രസിദ്ധ പ്രൊവിഷനല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ഹാഷിംപുരയില്‍ കൂട്ടക്കൊല നടത്തിയത്.

കൂട്ടക്കൊല ആസൂത്രണം ചെയ്യാന്‍ മെയ് 21, 22 തീയതികളില്‍ മീററ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നതായി റായ് വെളിപ്പെടുത്തി. യോഗത്തില്‍ സൈന്യത്തിലെ ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തില്‍ വച്ച് പങ്കെടുത്ത ആളുകളെ രണ്ടായി തിരിച്ചു. അതിലൊരു വിഭാഗം കൊല്ലേണ്ട ആളുകളെ കണ്ടെത്തണം. രണ്ടാമത്തെ വിഭാഗം കൊല നടത്തണം. മീററ്റില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 600നും 700നും ഇടയില്‍ മുസ്‌ലിംകളെ പിഎസി വീട്ടില്‍നിന്നു പിടിച്ചിറക്കി കൊണ്ടുവരികയായിരുന്നുവെന്നും റായ് പറയുന്നു.

കൊല്ലാനായി ഇതില്‍നിന്നു 40- 45 യുവാക്കളെ തിരഞ്ഞെടുത്തു. ഇവരെ പിഎസിയുടെ യുആര്‍യു 1493 നമ്പര്‍ ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിന് അരികെ കൊണ്ടുപോയി. തുടര്‍ന്ന് ഓരോരുത്തരെ തോക്കിനിരയാക്കി കനാലില്‍ തള്ളി. കൊലയാളികള്‍ ആരെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ മരിക്കാതെ കിടന്നയാളാണ് എന്താണു സംഭവിച്ചതെന്നു സ്ഥലത്തെത്തിയ തന്നോട് വെളിപ്പെടുത്തിയതെന്നും റായ് പറയുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രാജ്യത്തു നടന്ന ഏറ്റവും വലിയ പൊലീസ് കൊലയാണ് ഹാഷിംപുരയിലേത്.

സിഐഡി അന്വേഷണം ഏറ്റെടുത്തതിന്റെ തുടക്കം മുതല്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കുറ്റപത്രം സമയത്ത് സമര്‍പ്പിച്ചില്ല. 28 വര്‍ഷത്തിനു ശേഷം തെളിവില്ലാത്തതിനാല്‍ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അപ്പോഴേക്കും കേസിലെ മുഖ്യപ്രതി സുരേന്ദ്രപാല്‍ സിങ് മരിച്ചിരുന്നു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ട്രക്ക് പിടിച്ചെടുക്കുകയും ആവശ്യമായ തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ റായ് പറയുന്നു.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയതോടെയാണ് ഈ കേസിനു ജീവന്‍വച്ചത്. 2006ല്‍ 19 പേരെ കുറ്റക്കാരാണെന്നു കണ്ടെത്തിയെങ്കിലും അതില്‍ ജീവിച്ചിരിക്കുന്ന 16 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാര്‍ച്ചില്‍ വിട്ടയയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook