ലക്‌നൗ: ഉത്തർപ്രദേശിലെ മീററ്റിലെ ഹാഷിംപുര ഗ്രാമത്തിൽ പൊലീസ് നടത്തിയ കൂട്ടക്കൊലയ്ക്ക് 31 വർഷത്തിന് ശേഷം ശിക്ഷ. ഡൽഹി ഹൈക്കോടതിയാണ് ഈ കേസിൽ 16 പൊലീസുകാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഹാഷിംപുരയിൽ 42 മുസ്‌ലിങ്ങളെയാണ് ഉത്തർപ്രദേശ് പിഎസി ( പ്രൊവിൻഷൽ ആംഡ് കോൺസ്റ്റാബുലറി) കൊലപ്പെടുത്തിയത്. 1987 ലാണ് ഈ കൂട്ടക്കൊലപാതകം നടന്നത്.

പ്രതികളായ പൊലീസുകാരെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയാണ് ഡൽഹി ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്. 2015 ലാണ് വിചാരണക്കോടതി ഈ കേസിലെ പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് 16 പ്രതികളെ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

“ലക്ഷ്യവേധിയായ കൊലപാതകം” (ടാർഗറ്റഡ് കില്ലിങ്) എന്നാണ് കോടതി ഹാഷിംപുരയിലെ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. നിരായുധരും ആലംബഹീനരുമായ ജനങ്ങളെയാണ് ലക്ഷ്യം വച്ചതെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്.

1987 മെയ് 22 നാണ് ഹാഷിംപുര ഗ്രാമത്തിലെ 50 മുസ്‌ലിങ്ങളെ ഉത്തർപ്രദേശിലെ പൊലീസ് വിഭാഗമായ പിഎസി പിടികൂടി കൊണ്ടുപോയതായി പരാതി ഉയർന്നത്. പിടികൂടിയവരെ വെടിവച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കനാലിൽ തളളി. പൊലീസ് പിടികൂടി കൊണ്ടുപോയവരിൽ 42 പേർ കൊല്ലപ്പെട്ടതായി കണ്ടെത്തി.

ഒമ്പത് വർഷം പിന്നിട്ട് 1996 ലാണ് ഈ കേസിൽ 19 പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയത്. ഉത്തർപ്രദേശ് സിബിസിഐഡിയാണ് കുറ്റപത്രം നൽകിയത്. 161സാക്ഷികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. കൊലപ്പെട്ടവരുടെയും പൊലീസ് അതിക്രമത്തെ ജീവിച്ചവരുടെയും ബന്ധുക്കൾ നൽകിയ അപേക്ഷയിൽ 2002ൽ കേസിന്റെ വിചാരണ സുപ്രീം കോടതി ഡൽഹിയിലേയ്ക്ക് മാറ്റി.

ഡൽഹിയിലെ വിചാരണ കോടതിയിൽ കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് 17 പേർക്കെതിരെ ചുമത്തിയത്. എന്നാൽ 2015 മാർച്ച് 21 ന് ജീവിച്ചിരിക്കുന്ന 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നൽകി വിചാരണ കോടതി വെറുതെ വിട്ടു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി ശിക്ഷ വിധിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ