കൊൽക്കത്ത: രാമനവമിയോടനുബന്ധിച്ച് ഉടലെടുത്ത സംഘർഷത്തെ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിർദേശം നൽകി. രാമനവമിയോടനുബന്ധിച്ചുളള ഘോഷയാത്രകളിൽ ആയുധങ്ങളുമായി പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.

രാമനവമിയോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധമേന്തിയുളള ഘോഷയാത്രകൾ നടന്നിരുന്നു. ആയുധമേന്തിയുളള ഘോഷയാത്രകൾക്ക് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു ഇത് മറികടന്നാണ് ഘോഷയാത്രകൾ സംഘടിപ്പിച്ചത്. പലയിടത്തും അക്രമസംഭവങ്ങൾ അരങ്ങേറി. ഒരാൾ കൊല്ലപ്പെടുകയും 5 പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.

ആയുധമേന്തിയുളള ഘോഷയാത്രകളെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചത്. ആയുധങ്ങളും വാളും കൈയ്യിലേന്തി ഘോഷയാത്ര നടത്താൻ രാമൻ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് മമത ചോദിച്ചു. ആയുധം കൈയ്യിലേന്തി അക്രമം നടത്തുന്നവർ രാമനെ അവഹേളിക്കുകയാണ്. ഇത്തരം ഘോഷയാത്രകളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപിക്കും പൊലീസ് സൂപ്രണ്ടുമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ നടന്ന ചില ഘോഷയാത്രകൾ കണ്ട് ജനങ്ങൾ ഭയന്നിരിക്കുകയാണ്. ബംഗാളിന്റെ സംസ്കാരമല്ല ഇത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. മതത്തിന്റെ പേരിൽ ചിലർ കച്ചവടം നടത്തുകയാണ്. അവർ മതത്തെ അപകീർത്തിപ്പെടുത്തുകയാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനാൽതന്നെ ഇത്തരം ഘോഷയാത്രകളെ ശക്തമായി നേരിടും.

സമാധാനപരമായി ഘോഷയാത്ര നടത്താനാണ് സർക്കാർ അനുവാദം നൽകിയത്. രാമന്റെ പേരിൽ തോക്കും വാളും കൈയ്യിൽ പിടിച്ച് ഘോഷയാത്ര നടത്താനോ മറ്റു സമുദായങ്ങളുടെ താമസസ്ഥലത്ത് ചെന്ന് അവരെ ഉപദ്രവിക്കാനോ കൊല്ലാനോ ആർക്കും അനുവാദം നൽകിയിട്ടില്ല. വിവിധ സംസ്കാരങ്ങളുളള നാടാണ് ബംഗാൾ. ദുർഗ പൂജ, റമസാൻ, ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷങ്ങളും ഇവിടുത്തെ ജനങ്ങൾ ആഘോഷിക്കാറുണ്ട്. അങ്ങനെയുളള ബംഗാളിൽ മതത്തിന്റെ പേരിലുളള അക്രമങ്ങൾ അനുവദിക്കില്ല-മമത പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ