ന്യൂഡല്‍ഹി : ആശുപത്രി ചികിത്സ നിഷേധിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ മരണപ്പെട്ടു. ഹരിയാനയിലെ സോനാപെട്ടില്‍ നടന്ന സംഭവത്തില്‍ ആശുപത്രി ചികിത്സ നിഷേധിച്ചത് ആധാര്‍ കാര്‍ഡ് ഇല്ലാഞ്ഞതിനാലെന്നാണ് ആരോപണം. അമ്മയെ ഗുരുതരമായ അവസ്ഥയിലാണ് കൊണ്ടുവന്നത് എന്നും കൈയ്യില്‍ ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചതിനാലാണ് അമ്മ മരണപ്പെട്ടത് എന്ന് മകന് പവന് കുമാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ഫോണില്‍ ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ആശുപത്രി അധികൃതരെ കാണിച്ചുവെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ തയ്യാറായില്ല എന്നാണ് പവന് കുമാര്‍ പറയുന്നത്.
” അത്യന്തം ഗുരുതരമായ അവസ്ഥയിലാണ് ഞാന്‍ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവരെന്നോട് ആധാര്‍ കാര്‍ഡ് നല്കാന് ആവശ്യപ്പെട്ടു. പക്ഷെ എന്റെ പക്കല്‍ ആധാര്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ ഫോണില്‍ ഉണ്ടായിരുന്ന അതിന്റെ പകര്‍പ്പ് കാണിച്ച ഞാന്‍ ഒരു മണിക്കൂറുകള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കാമെന്ന് പറയുകയും ചികിത്സ ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.” പവന് കുമാര്‍ പറഞ്ഞു.
പവന് കുമാറിന്റെ ആരോപണം നിഷേധിച്ച ആശുപത്രിയിലെ ഡോക്ടര്‍ അങ്ങനെയൊരു രോഗിയെ അവിടെ കൊണ്ടുവന്നിട്ടേയില്ല എന്നാണ് വിശദീകരിച്ചത്. ” ഞങ്ങള്‍ ഇതുവരെ ചികിത്സ നിഷേധിച്ചിട്ടില്ല. അങ്ങനെയൊരാളെ കൊണ്ടുവന്നിട്ട് തന്നെയില്ല എന്ന കാര്യം ശ്രദ്ധിക്കൂ. ആധാര്‍ കാര്‍ഡ് ഇല്ലാ എന്ന പേരില്‍ ഞങ്ങള്‍ ഇതുവരെയും ഒരാളെ ചികിത്സിക്കാതിരുന്നിട്ടില്ല. ആധാര്‍ ഇവിടെ നിര്‍ബന്ധമാണ്, പക്ഷെ ചികിത്സാ രേഖകള്‍ക്കാണ് അതാവശ്യപ്പെടുന്നത്.” ഡോക്ടര്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരിയാന മുഖ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കുറ്റക്കാരെ ശിക്ഷിക്കും എന്നും അറിയിച്ചു. ” എനിക്കതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയും തെറ്റുകാരെ ചികിത്സിക്കുകയും ചെയ്യും” മുഖ്യമന്ത്രി പറഞ്ഞു.
” സംസ്ഥാന സര്‍ക്കാര്‍ ഇത് വേണ്ട പ്രാധാന്യത്തോടെ എടുക്കണം. മന്ത്രാലയം ഇതില്‍ അന്വേഷണം നടത്തും. ‘മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ്’ നടപ്പിലാക്കണം എന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. അത് നടപ്പിലാക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും” ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു.