ഹരിയാനയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിന് തിരിച്ചടി. മൂന്ന് മേയർ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് സഖ്യത്തിന് വിജയിക്കാനായത്. അംബാല, പഞ്ച്കുള, സോനിപത് നഗരങ്ങളിലേക്കുള്ള മേയർ തിരഞ്ഞെടുപ്പ് നടന്നത്.
പഞ്ചകുലയിൽ ബിജെപി കഷ്ടപ്പെട്ട് വിജയിച്ചപ്പോൾ സോനിപതിലും അംബാലയിലും യഥാക്രമം കോൺഗ്രസും ഹരിയാന ജൻ ചേത്ന പാർട്ടിയും (എച്ച്ജെസിപി) മേയർ സ്ഥാനങ്ങൾ നേടി.
ആദ്യമായാണ് മൂന്ന് നഗരങ്ങളിലെ മേയർ തസ്തികകളിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് വർഷം മുൻപ് ഹരിയാനയിലെ അഞ്ച് നഗരങ്ങളിൽ നടന്ന മേയർ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു. എന്നാൽ ഇത്തവണ ഭരണമുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലങ്ങൾ തിരിച്ചടിയായി. 2018 ൽ ഹിസാർ, കർണാൽ, പാനിപ്പത്ത്, റോഹ്തക്, യമുനാനഗർ എന്നിവിടങ്ങളിൽ നടന്ന മേയർ തിരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചിരുന്നത്.
ഈ വർഷം നവംബറിൽ സോനിപത്തിലെ ബറോഡ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെട്ടിരുന്നു. സീറ്റ് കോൺഗ്രസ് സീറ്റ് നിലനിർത്തുകയും ചെയ്തു.
Read More: നാലിൽ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; കർഷക യൂണിയനുമായുള്ള ആറാം ഘട്ട ചർച്ച പൂർത്തിയായി
അംബാലയിൽ മേയർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി വെനോദ് ശർമയുടെ ഭാര്യ ശക്തി റാണി ശർമ വിജയിയായി. ബിജെപിയുടെ വന്ദന ശർമയെ 8,084 വോട്ടുകൾക്കാണ് എച്ച്ജെസിപി സ്ഥാനാർത്ഥിയായ ശക്തി റാണി ശർമ പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥി നാലാം സ്ഥാനത്തെത്തിയതായി അധികൃതർ അറിയിച്ചു.
2014 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യ വിജയം നേടാനായത് വെനോദ് ശർമയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കരുത്തേകി.
ആളുകളുടെ “സ്നേഹവും പിന്തുണയും” മൂലമാണ് തന്റെ വിജയം എന്ന് ശക്തി റാണി ശർമ പറഞ്ഞു. ഒരാളുടെ ഉദ്ദേശ്യം കൃത്യമായതാവുമ്പോൾ ആളുകൾ അയാളെ പിന്തുണയ്ക്കുന്നുവെന്നും അവർ പറഞ്ഞു.
ബിജെപിയുടെ കുൽഭൂഷൻ ഗോയൽ പഞ്ച്കുളയുടെ പുതിയ മേയറാവും. കോൺഗ്രസിന്റെ ഉപീന്ദർ കൗർ അലുവാലിയയെ 2,057 വോട്ടുകൾക്കാണ് ഗോയൽ പരാജയപ്പെടുത്തിയത്.
പഞ്ച്കുളയിലെ മേയർ തിരഞ്ഞെടുപ്പിൽ 1,333 വോട്ടർമാർ നോട്ടക്കാണ് വോട്ട് ചെയ്തത്.
സോനീപത് മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. പാർട്ടിയുടെ നിഖിൽ മദാൻ 13,818 വോട്ടുകൾക്ക് ബിജെപിയുടെ ലളിത് ബാത്രയെ പരാജയപ്പെടുത്തി.
മൂന്ന് നഗരങ്ങളിലെ എല്ലാ വാർഡുകളിലെയും കൗൺസിലർമാരെ തിരഞ്ഞെടുക്കുന്നതിനും വോട്ടെടുപ്പ് നടന്നു. രെവാരിയിലെ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളെയും സാംപ്ല (റോഹ്തക്), ധരുഹേര (റെവാരി), ഉകലാന (ഹിസാർ) എന്നീ മുനിസിപ്പൽ കമ്മിറ്റികളെയും തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പ് നടന്നു.
Read More: സിഎഎ സമരത്തിനിടെ വെടിവെപ്പ് നടത്തിയ ആൾ ബിജെപിയിൽ; തൊട്ടുപിന്നാലെ പുറത്താക്കി
അംബാല എംസി തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ എട്ടും ബിജെപി വിജയിച്ചു, എച്ച്ജെസിപി-7, കോൺഗ്രസ് -3, ഹരിയാന ഡെമോക്രാറ്റിക് ഫ്രണ്ട്-2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുകൾ.
സോനിപതിൽ ബിജെപി 10 വാർഡുകളും കോൺഗ്രസ് 9 വാർഡുകളും നേടി. ഒരു സീറ്റിൽ ഒരു സ്വതന്ത്രൻ വിജയിച്ചു.
പഞ്ച്കുളയിൽ ബിജെപിയും കോൺഗ്രസും യഥാക്രമം ഒമ്പത്, ഏഴ് സീറ്റുകൾ വീതം നേടി. ജെജെപി രണ്ടെണ്ണത്തിൽ വിജയിച്ചു.
രെവാരി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂനം യാദവ് 2,087 വോട്ടുകൾക്ക് സ്വതന്ത്ര സ്ഥാനാർത്ഥി ഉപമ യാദവിനെ പരാജയപ്പെടുത്തി. കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ധരുഹേര, സാംപ്ല, ഉക്ലാന എന്നീ മൂന്ന് മുനിസിപ്പൽ കമ്മിറ്റികളിളുടെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി-ജെജെപി സഖ്യം പരാജയപ്പെട്ടു. സ്വതന്ത്രരാണ് ഈ സീറ്റുകളിൽ വിജയിച്ചത്.
ദൻഹേരയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി കൻവാർ സിങ് വിജയിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥി ദീന റാമിനെ പരാജയപ്പെടുത്തിയാണ് സിങിന്റെ ജയം. സാംപ്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥി പൂജ ബിജെപിയുടെ സോനുവിനെയും ഉക്ലാനയിൽ സുശിൽ സാഹു വാല ജെജെപിയുടെ മഹേന്ദർ സോണിയെയും പരാജയപ്പെടുത്തി