ഹരിയായനയിലെ യമുനാനഗറിൽ സ്കൂൾ പ്രിൻസിപ്പൽ വെടിയേറ്റ് മരിച്ചു.പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രിൻസിപ്പലിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞതായി പിടി ഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയായ വിദ്യാർത്ഥി നാല് തവണ അധ്യാപികയ്ക്ക് നേരെ നിറയൊഴിച്ചു. പ്രിൻസിപ്പൽ റിതു ഛബ്രയുടെ ഓഫീസിലെത്തിയാണ് പ്രതി നിറയൊഴിച്ചത്.  അച്ഛന്രെ തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറയുന്നു.

വെടിയേറ്റ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരണമടയുകയായിരുന്നു. സ്കൂളിൽ നിന്നും വിദ്യാർത്ഥിക്കെതിരെ ഉണ്ടായ അച്ചടക്ക നടപടിയാകാം ഈ കൃത്യത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.

പൊലീസ് കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥിയ്ക്കെതിരെ വിവേകാനന്ദ സ്കൂൾ  അച്ചടക്ക നടപടിയെടുത്തിരുന്നു. സ്കൂളിന്രെ  നടപടിയിൽ അസ്വസ്ഥനായ വിദ്യാർത്ഥിയാണ് വെടി വച്ചതെന്ന് പൊലീസ് പറഞ്ഞു

” സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിയെ അധ്യാപകരും സ്കൂൾ ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വെടിയേറ്റതിനെ തുടർന്നുണ്ടായ പരുക്ക് കാരണം അധ്യാപിക മരണപ്പെടുകയായിരുന്നു വെന്ന്” ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ദേശ് രാജ് പറഞ്ഞതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

പണമിടപാടുകാരനായ അച്ഛന്രെ തോക്കാണ് വിദ്യാർത്ഥി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ലൈസൻസുളള തോക്കാണ് ഇത്. പ്രാഥമിക അന്വേഷണത്തിലെ നിഗമനം അനുസരിച്ച് ഒരു സുഹൃത്തെങ്കിലും വിദ്യാർത്ഥിക്കൊപ്പം ഈ കൃത്യം നിർവ്വഹിക്കാൻ ഉണ്ടായിരുന്നുവെന്നാണെന്ന് പൊലീസ് വ്യക്തമാക്കി.

11.30 നും 12 മണിക്കും ഇടയിലാണ് സംഭവം നടന്നത്.  കൊലപാതകത്തിന് പിന്നിലുളള യഥാർത്ഥ കാരണം എന്താണ് എന്ന് ഇതുവരെ ഉറപ്പിച്ചു പറയാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ