ന്യൂഡൽഹി: മൂന്ന് വർഷം മുൻപ് കുടുംബത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി പ്രണയിച്ച് വിവാഹം കഴിച്ച ഗർഭിണിയായ സഹോദരിയെ ദലിത് യുവാവ് വെടിവച്ച് കൊന്നു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത് ഗ്രാമത്തിൽ ഭർതൃവീട്ടിൽ വച്ചാണ് നികോ എന്ന 25 കാരിയായ ഗർഭിണി വെടിയേറ്റ് മരിച്ചത്.
യുവതിയുടെ സഹോദരനാണ് വെടിയുതിർത്തത്. വിക്രം (35) എന്ന് പേരായ സഹോദരനും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും ഇതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയതായി പൊലീസ് പറഞ്ഞു.
ലാത് ഗ്രാമത്തിലെ പെൺകുട്ടിയെയാണ് വിക്രം വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ശേഷം വിക്രമിന്റെ ഭാര്യയുടെ ബന്ധുവായ ദീപക് എന്ന യുവാവുമായി നികോ പ്രണയത്തിലായി. പിന്നീട് കുടുംബം എതിർത്തിട്ടും ദീപകിനെ തന്നെ യുവതി വിവാഹം കഴിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ നികോയുടെ ഭർത്താവിന്റെ വീട്ടിലെത്തിയ വിക്രവും സുഹൃത്തുക്കളും ചേർന്നാണ് വെടിയുതിർത്തത്. വിക്രം നാടൻ പിസ്റ്റൾ കൈവശം വച്ചിരിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. നികോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനോടകം മരിച്ചതായി പൊലീസ് പറഞ്ഞു.
സിർസ പ്രദേശത്ത് 2016 ൽ പെൺകുട്ടിയെയും കാമുകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ മാതാപിതാക്കളും സഹോദരനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങൾക്കുളളിലാണ് ഈ ദുരഭിമാന കൊലപാതകവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു മാസം മുൻപ് 17 കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സോനിപത് കോടതി അഞ്ച് കുടുംബാംഗങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.