കോൺഗ്രസിൽ നിന്ന് കൂടുതൽ കൊഴിഞ്ഞ് പോക്കുകൾ ഉണ്ടാകുമെന്ന ബിജെപി നേതൃത്വത്തിന്റെ അവകാശവാദങ്ങൾ ശരിയെന്ന് തെളിയിക്കുകയാണ് അനുദിനം കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും. ഏറ്റവും ഒടുവിലായി ഇപ്പോൾ മഹിളാ കോൺഗ്രസിന്റെ ഹരിയാന സംസ്ഥാന അധ്യക്ഷയാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ എത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് സുമിത്ര ചൗഹാൻ ബിജെപിയിൽ ചേർന്നത്. ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ബരാല സ്വാഗതം ചെയ്തു.

Also Read: പാല മധുരിക്കുമോ? ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

ജമ്മു കശ്മീർ വിഷയത്തിലും മുത്തലാഖ് ബില്ലിലുമുള്ള കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സുമിത്ര ചൗഹാൻ വ്യക്തമാക്കി. ജനവികാരം മനസിലാക്കാതെയാണ് രണ്ട് വിഷയങ്ങളിലും കോൺഗ്രസ് നിലപാടെടുത്തതെന്ന് സുമിത്ര കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മനോഹർ ലാൽ ഖട്ടാറിന്റെ ഭരണത്തിൽ സന്തുഷ്‌ടയാണെന്നും അവർ വ്യക്തമാക്കി.

Also Read: താമരകുമ്പിളിൽ ‘കൈ’ നീട്ടി; മുൻ കോൺഗ്രസ് രാജ്യസഭ ചീഫ് വിപ്പ് ബിജെപിയിൽ

ഹരിയാനയിൽ കോൺഗ്രസിനുള്ളിലെ ഉൾപാർട്ടി പോര് കെട്ടടങ്ങുന്നതിന് മുമ്പാണ് സംസ്ഥാന നേതൃത്വത്തിന് തലവേദനയായി മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ രാജി. കഴിഞ്ഞ ദിവസമാണ് പുതിയ സംസ്ഥാന അധ്യക്ഷനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന കുമാരി സെൽജയ്ക്കാണ് പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകിയത്.

നേരത്തെ മുൻ കോൺഗ്രസ് രാജ്യസഭ ചീഫ് വിപ്പ് ഭുബാനേശ്വർ കലിത്തയും കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. ജമ്മു കശ്മീർ വിഷയത്തിലെ പാർട്ടി നിലപാടിൽ പ്രതിശേധിച്ചായിരുന്നു ഭുബനേശ്വർ രാജ്യസഭ ചീഫ് വിപ്പ് പദവി രാജിവച്ചത്. പിന്നാലെ ബിജെപിയിൽ അംഗത്വം സ്വീകരിക്കുകയും ചെയ്തു. കശ്മീർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഒപ്പിട്ട ശേഷം അപ്രതീക്ഷിതമായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നയിഡു ഭുബനേശ്വറിന്റെ രാജി പ്രഖ്യാപനം സഭയെ അറിയിക്കുകയായിരുന്നു. ഭുബനേശ്വർ കാലിതക്ക് പുറെമെ സമാജ് വാദി പാർട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook