ഛണ്ഡിഗഡ്: ഹരിയാനയിലെ  ജിന്ദ് ജില്ലയിൽ  പതിനഞ്ച് വയസ്സുളള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി നാല് ദിവസം കഴിഞ്ഞപ്പോൾ ഒപ്പം കാണാതായ ആൺകുട്ടിയുടെ മൃതദേഹവും കണ്ടുകിട്ടി. ഈ ആൺകുട്ടിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നത്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂട്ടബലാത്സംഗത്തിനിരയായതായി പറഞ്ഞിരുന്നു.

പതിനെട്ടുകാരനായ ദലിത് ആൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കുരുക്ഷേത്ര- കർണാൽ അതിർത്തിയിൽ റോഡിനരുകിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വഴിയാത്രക്കാരനാണ് മൃതദഹേം കണ്ടതായി പൊലീസിനെ അറിയിച്ചത്.

പെൺകുട്ടിയുടെ രക്ഷിതാക്കൾ കുരുക്ഷേത്രയിലെ ജഹൻസാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജഹൻസ ഗ്രാമത്തിലെ താമസക്കാരനായ ആൺകുട്ടി, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.

കുരുക്ഷേത്ര പൊലീസ് സൂപ്രണ്ട് അഭിഷേക് ഗാർഗ് സംഭവം സ്ഥിരീകരിച്ചു. ആൺകുട്ടിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയതായും അത് അഴുകിയതായും അദ്ദേഹം പറഞ്ഞു. ശരീരത്തിന് പുറത്ത് പരുക്കുകളുടെ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആൺകുട്ടിയുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അതിന്രെ റിപ്പോർട്ട് വന്നശേഷം മാത്രമേ മരണകാരണം അറിയാൻ കഴിയുകയുളളൂവെന്നും എസ്‌പി പറഞ്ഞു.

Read More: ഹരിയാനയിൽ ദലിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി, കരൾ തകർത്തു

ജിന്ദ് ജില്ലയിലെ ബുധ് ഖേര ഗ്രാമത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായി ബലാൽസംഗത്തിനിരയായതായും രേഖപ്പെടുത്തയിരുന്നു. പൊലീസ് കേസിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുവരും തമ്മിൽ ഏതാനും മാസങ്ങളായി അടുത്ത ബന്ധമുണ്ടായിരുന്നതായി ഇരുവരുടെയും ഫോൺകോൾ വിവരങ്ങൾ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ