ന്യൂഡൽഹി: കായികതാരങ്ങൾ വരുമാനത്തി​ന്റെ 33 ശതമാനം സംസ്ഥാനത്തിന്​ നൽകണമെന്ന​ ഉത്തരവുമായി ഹരിയാന. കായിക മേഖലയിൽ നിന്നും അതുമായി ബന്ധപ്പെട്ട്​ പരസ്യം ഉൾപ്പടെയുള്ളവയിൽ നിന്നുള്ള വരുമാനത്തി​​ന്റെ പങ്ക്​ സർക്കാറിന്​ നൽക​ണമെന്നാണ്​ ഉത്തരവിൽ പറയുന്നത്​​. 2018 ഏപ്രിൽ 27നാണ്​ ഹരിയാന സർക്കാർ ഉത്തരവ്​ പുറത്തിറക്കിയത്​​.

സംസ്ഥാനത്തെ കായികമേഖലയുടെ വികസനത്തിന്​ ഉപയോഗിക്കാനാണ്​ തുക വിനിയോഗിക്കുക. കായികമേഖലയിൽ പ്രവർത്തിക്കുന്നതൊടൊപ്പം മറ്റെന്തെങ്കിലും തൊഴിലുകൾ കായികതാരങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ മുഴുവൻ വരുമാനവും സർക്കാറിന്​ നൽകണം. ഒളിമ്പിക് മെഡല്‍ ജേതാവായ വിജേന്ദര്‍ സിംഗ്, ഹോക്കി താരം സര്‍ദര സിംഗ്, ഗുസ്തി താരം ഗീത ഫോഗട്ട് എന്നിവരൊക്കെ പുതിയ ഉത്തരവ് പ്രകാരം വരുമാനം സമര്‍പ്പിക്കേണ്ടി വരും. കുടുംബത്തിലെ ദൈനംദിന ചെലവുകൾ നടത്താനായി മറ്റ്​ തൊഴിലുകൾ ചെയ്യുന്നത് ഇല്ലാതാക്കാനാണ്​​ പുതിയ ഉത്തരവെന്ന്​ ഗുസ്​തിതാരം സുശീൽകുമാർ പറഞ്ഞു.

കായികതാരങ്ങളുടെ വരുമാനത്തി​​ന്റെ മൂന്നിലൊന്ന്​ വിഹിതം ചോദിക്കാർ സർക്കാറിന്​ എന്താണ്​ അവകാശമെന്നാണ്​​ ഗുസ്​തിതാരം ഗീത ഫോഗട്ട് പറഞ്ഞു. ‘ഒരുപാട് പണവും കഷ്ടപ്പാടും കഴിഞ്ഞാണ് അന്താരാഷ്ട്ര തലത്തില്‍ എത്തുന്നത്. ഒരു താരം ആകുന്നത് വരെ സര്‍ക്കാര്‍ കായികതാരങ്ങളെ സഹായിക്കുന്നില്ല. ഒരു പേരെടുത്തതിന് ശേഷം അവര്‍ സമ്പാദിക്കുന്ന പണത്തിന്റെ പങ്ക് ചോദിക്കുന്നത് തെറ്റായ കാര്യമാണ്’ ഫോഗട്ട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ