പാനിപട്ട് (ഹരിയാന): ഹരിയാനയിലെ പാനിപട്ടിൽ ഗായികയെ വെടിവച്ചു കൊന്നു. ഹർഷിത ഡാഹിയ (22) ആണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. പാനിപട്ടിൽ മ്യൂസിക് ഷോ കഴിഞ്ഞ് ഡൽഹിയിലെ സ്വവസതിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

പുലർച്ചെ നാലിന് പാനിപട്ടിലെ ചംരാര വില്ലേജിൽവച്ച് ഹർഷിത സഞ്ചരിച്ചിരുന്ന കാറിനെ അക്രമികളുമായി എത്തിയ കാർ വഴി തടയുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഓഫിസർ ദേശ് രാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കാറിൽനിന്നും ഇറങ്ങിയ രണ്ടുപേർ ഹർഷിതയുടെ കാറിന്റെ ഡ്രൈവറോടും അതിനകത്തുണ്ടായിരുന്ന മറ്റു രണ്ടുപേരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഏഴു തവണയോളം ഹർഷിതയ്ക്കുനേരെ വെടിവച്ചു. തുടർന്ന് അക്രമികൾ അവിടെനിന്നും രക്ഷപ്പെട്ടു. കഴുത്തിലും തലയിലും വെടിയേറ്റ ഹർഷിത സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഹരിയാന നാടോടി ഗാനങ്ങളാണ് ഹർഷിത കൂടുതലും ആലപിച്ചിരുന്നത്. നല്ലൊരു നർത്തകിയുമാണ്. അടുത്തിടെ ഹർഷിത യൂട്യൂബിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ തനിക്ക് വധഭീഷണി ഉളളതായും പക്ഷേ താൻ അതിനെയൊന്നും ഭയക്കുന്നില്ലെന്നും പറഞ്ഞിരുന്നു. അതേസമയം, സംഭവത്തിനു പിന്നിൽ ഡൽഹി തിഹാർ ജയിലിൽ കിടക്കുന്ന ഗ്യാങ്സ്റ്ററാണെന്നാണ് പൊലീസ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ