ഓരോ വർഷവും നിരവധി സ്ത്രീകളാണ് ഇന്ത്യയിൽ ബലാൽസംഗത്തിനിരയാവുന്നത്. പലപ്പോഴും ഇതിനിരയായ സ്ത്രീയുടെ മാനസികനിലയെപ്പറ്റി ആരുംതന്നെ ഓർക്കാറില്ല. സമൂഹംപോലും അവളെ ഒറ്റപ്പെടുത്താൻ ശ്രമിക്കാറാണ് പതിവ്. ബലാൽസംഗത്തിനിരയായ സ്ത്രീയ്ക്ക് അവളുടെ പഴയ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കാത്തതും സമൂഹം അവളെ പിന്തള്ളുന്നതുകൊണ്ടാണ്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തരായ ചിലരും നമുക്കിടയിലുണ്ട്. അവരിലൊരാളാണ് ഹരിയാനയിൽനിന്നുള്ള കർഷകൻ ജിതേന്ദർ. കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിച്ചാണ് ഇയാൾ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാവുന്നത്.
സാധാരണ ഒരു പുരുഷനും ചെയ്യാത്ത കാര്യമാണ് മുപ്പതുകാരനായ ജിതേന്ദർ ചെയ്തത്. അദ്ദേഹം പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കുക മാത്രമല്ല അവളെ വക്കീലാക്കാൻ വേണ്ടി ലോ കോളജിൽ പഠിപ്പിക്കാൻ അയയ്ക്കുകയും ചെയ്തു. സമൂഹത്തിൽ അവൾക്കും ഒരു സ്ഥാനം വേണം എന്ന ചിന്ത മാത്രമല്ല, മറിച്ച് പീഡനത്തിനിരയായ മറ്റു സ്ത്രീകൾക്കുവേണ്ടി തന്റെ ഭാര്യ പോരാടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ജിതേന്ദറിന്റെ വീട്ടിലേക്ക് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹ ആചോലനയുമായി ചെല്ലുന്പോൾ അവൾ കൂട്ടമാനഭംഗത്തിനിരയായ വിവരം അയാൾക്കറിയില്ലായിരുന്നു. അതിനുശേഷമാണ് പെൺകുട്ടി ജിതേന്ദറിനോട് പീഡനത്തിനിരയായ വിവരം പറഞ്ഞത്. വിവാഹത്തിൽനിന്നും പിന്മാറാൻ പെൺകുട്ടി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജിതേന്ദർ അതിനു തയാറായില്ല. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ അയാൾ അവളെ വിവാഹം ചെയ്തു.
ജിതേന്ദർ ഇന്നു നല്ലൊരു ഭർത്താവാണ്. പക്ഷേ ഭർത്താവിനു മറ്റു പല ചുമതലകളും കൂടി ഉണ്ടെന്ന ബോധ്യമാണ് തന്റെ ഭാര്യയ്ക്ക് നീതി കിട്ടണം എന്നാവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ ജിതേന്ദറിനെ പ്രേരിപ്പിച്ചത്. തന്റെ ഭാര്യയ്ക്ക് നീതി കിട്ടാൻ മുഖ്യമന്ത്രി എന്ന നിലയിൽ ആവശ്യമായതെല്ലാം ചെയ്യണമെന്നാണ് ജിതേന്ദർ അഭ്യർഥിച്ചിരിക്കുന്നത്. വിവാഹം എന്നു പറയുന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള പരസ്പര പിന്തുണ കൂടി ഉൾപ്പെട്ടതാണ്. ഭാര്യ പറയാത തന്നെ അവൾക്ക് പിന്തുണ നൽകേണ്ടത് എങ്ങനെയെന്ന് കൂടി ജിതേന്ദറിൽനിന്നും കണ്ടു പഠിക്കാം.
പീഡനത്തിനിരയായ പെൺകുട്ടികൾക്കും മുന്നോട്ടൊരു ജീവിതമുണ്ടെന്നും അവരോടുള്ള സമീപനത്തിൽ സമൂഹം മാറ്റം വരുത്തേണ്ടതാണെന്നും കൂടി തെളിയിക്കുന്നതാണ് ജിതേന്ദറിന്റെ പ്രവൃത്തി. പീഡനത്തിനിരയായ പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്നല്ല പറയുന്നത്, മറിച്ച് അവർക്ക് സമൂഹത്തിൽ ജീവിക്കാനുള്ള ആത്മവിശ്വാസമെങ്കിലും നൽകാൻ സാധിക്കണം.
പ്രിയാൽ റേ