ന്യൂഡല്‍ഹി: ഗോ സംരക്ഷണം ശക്തമാക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കാനുള്ള തീരുമാനത്തിലാണ് ഹരിയാന സര്‍ക്കാര്‍. ബീഫ് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ ഇതോടെ അധികാരം ലഭിക്കും. മുന്‍പ് ഇതുപോലെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ബീഫ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ സബ് ഡിവിഷന് മജിസ്ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അധികാരം ഉണ്ടായിരുന്നത്.
Read Also: കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് അക്രമവും കൊളളയും; അരലക്ഷം രൂപ തട്ടിപ്പറിച്ചു
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അധ്യക്ഷനായ കാബിനറ്റാണ് ഈ തീരുമാനം എടുത്തത്. 2015 ലെ ഗോ സംരക്ഷണ ബില്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം. എസ്ഐ മുതലുള്ള റാങ്കിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി വാഹനങ്ങളില്‍ പരിശോധന നടത്താമെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. ബീഫ് കടത്തുന്ന വാഹനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. പശു കടത്തിനെതിരെ നടപടി സ്വീകരിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പശുക്കടത്ത് ആരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തിലെ കാസര്‍കോട് രണ്ടു പേര്‍ക്ക് മർദനമേറ്റിരുന്നു. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ട് പോയി. വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന 50,000 രൂപയാണ് അക്രമികള്‍ മോഷ്ടിച്ചത്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും പശുവിന്റെ പേരിലുള്ള അക്രമങ്ങൾ വർധിച്ചുവരികയാണ്. പശുവിറച്ചി വിൽക്കുന്നതും കഴിക്കുന്നതും വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് പല സംസ്ഥാനങ്ങളും പശു സംരക്ഷണത്തിന് പ്രത്യേക ബോർഡ് വേണമെന്ന് പോലും ആവശ്യപ്പെടുന്നത്.