ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ദലിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായതായും ഏതോ വസ്തു കുത്തിക്കയറ്റിയതിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കരൾ തകർന്നതായും ഡോക്ടർ. പോസ്റ്റ്മോർട്ടം നടത്തിയ റോത്തക് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി ഒമ്പത് മുതൽ കുരുക്ഷേത്രയിൽ നിന്നും ഈ പെൺകുട്ടിയെ കാണാതായിരുന്നു. ജനുവരി പത്തിന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. കുരുക്ഷേത്ര പൊലീസ് കേസെടുത്തു.

വെളളിയാഴ്ചയാണ് ജിന്ദ് ജില്ലയിലെ ഗ്രാമത്തിൽ നിന്നും ഈ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ശനിയാഴ്ച പിജിഐഎംഎസിലേയ്ക്ക് പോസ്റ്റ്മോർട്ടത്തിന് അയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്നും കാണാതായ ആൺകുട്ടിയെ ഈ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജനുവരി ഒമ്പത് മുതൽ ഈ യുവാവിനെയും കാണാനില്ലെന്നതാണ് സംശയത്തിന് കാരണമായി പൊലീസ് പറയുന്നത്.

പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ പത്തൊമ്പത് മുറിവുകൾ കണ്ടെത്തായി  പിജിഐഎംഎസ്സിലെ  ഫോറൻസിക് മെഡിസിൻ മേധാവി ഡോ.എസ്.കെ.ദത്താർവാൾ ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു. രണ്ടിലേറെ പേരാൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ജനനേന്ദ്രിയത്തിൽ എന്തോ വസ്തു കുത്തിക്കയറ്റാൻ ശ്രമം നടത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ കരൾ തകർന്നതായും പരിശോധനയിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

കീറിപ്പറിഞ്ഞ ഷർട്ട് മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. മുഖം, കഴുത്ത്, ചുണ്ട്, നെഞ്ച് എന്നിങ്ങനെ ദേഹമാസകലമായിരുന്നു മുറിവുകൾ കണ്ടത്. ലൈംഗിക പീഡനത്തിൽ നിന്നും രക്ഷപ്പെടാനായുളള ശ്രമത്തിലാകാം മുറിവേറ്റിരിക്കുക. അക്രമികൾ വാപൊത്തിപ്പിടിക്കാനും ശ്രമം നടത്തിയിരുന്നതായി ദത്താർവാൾ പറഞ്ഞു.

ജിന്ദ് ജില്ലയിലെ ബുദ്ധഖേര ഗ്രാമത്തിലെ കനാലിന് സമീപമാണ് വെളളിയാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമമുഖ്യന്റെ പരാതിയിൽ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പൊലീസ് കേസെടുത്തു. വേറെ എവിടെയെങ്കിലും വച്ച് കൊല്ലപ്പെട്ട പെൺകുട്ടിയെ കനാലിന് സമീപം കൊണ്ടിട്ടതാകാമെന്ന് ദത്താർവാൾ പറയുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പായിരിക്കാം പെൺകുട്ടി കൊല്ലപ്പെട്ടത്. അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ക്രൈം സീൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദത്താർവാൾ പറഞ്ഞു.

പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്നുളള ആൺകുട്ടിയെ ഈ കേസിൽ സംശയിക്കുന്നതായും പക്ഷേ, ഇതുവരെ അറസ്റ്റ് ഒന്നും നടന്നിട്ടില്ലെന്ന് ഡെപ്യൂട്ടി എസ് പി സുനിൽ കുമാർ പറഞ്ഞു. ലോക്കറ്റിലുണ്ടായിരുന്ന ഫൊട്ടോയാണ് പെൺകുട്ടിയെ തിരിച്ചറിയാൻ സഹായിച്ചത്. 250 ഓളം പൊലീസുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും അന്വേഷണത്തെ സഹായിക്കുന്നതൊന്നും കണ്ടെത്താൻ സാധിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ