ന്യൂഡൽഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ കുറ്റക്കാരനെന്നു വിധിച്ച കോടതി വിധിയെ തുടര്‍ന്ന് ഹരിയാനയില്‍ നടന്ന സംഘര്‍ഷത്തില്‍ 38 പേര് മരിച്ച സംഭവത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. തങ്ങളുടെ ഭാഗത്തു നിന്നു ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഖട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതാരായാലും അവര്‍ പറഞ്ഞോട്ടെ. പക്ഷെ ഞങ്ങള്‍ നന്നായി തന്നെ പ്രവര്‍ത്തിച്ചിരുന്നു. കോടതി ഉത്തരവ് അതേപടി അനുസരിക്കുകയായിരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റാം റഹിമിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങളുടേയും കണക്കുകള്‍ സമര്‍പ്പിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. അതിക്രമങ്ങളില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഇത് ഉപയോഗിക്കും.