ഛണ്ഡിഗഢ്: പുതിയ നികുതികളൊന്നും പ്രഖ്യാപിക്കാതെയും ജനപ്രിയ വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ഹരിയാന സര്‍ക്കാരിന്റെ ബഡ്ജറ്റ്. സത്‍ലജ്- യമുന കനാല്‍ യോജിപ്പിച്ചുള്ള തുരങ്ക നിര്‍മ്മാണത്തിന് 1000 കോടി രൂപയാണ് തന്റെ മൂന്നാം ബഡ്ജറ്റില്‍ ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു പ്രഖ്യാപിച്ചത്. 1000 കോടി ആവശ്യമുണ്ടെങ്കില്‍ വേണ്ടപ്പോള്‍ അത്രയും തുക തന്നെ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പുതിയ സേവനനികുതികളൊന്നും പ്രഖ്യാപിക്കാതിരുന്ന ബഡ്ജറ്റ് ഇത് ആദ്യമായാണ് ഒരുലക്ഷം കോടി രൂപ കടക്കുന്നത്(1,02,239.35). 2016-17 കാലയളവില്‍ ഹരിയാനയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 കടന്നതായി ക്യാപ്റ്റന്‍ അവകാശപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ വളര്‍ച്ചാ നിരക്ക് 9 ശതമാനത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് നാല് ശതമാനം മാത്രമായിരുന്ന ആളോഹരി വരുമാനം 7.5 ശതമാനമായി കുതിപ്പുണ്ടാക്കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. 2017 ഏപ്രില്‍ മാസത്തോടെ മദ്യത്തിനുള്ള എക്സൈസ് തീരുവയും വാറ്റ് നികുതിയും വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഹരിയാനയില്‍ മദ്യത്തിന്റെ വിലയും കുത്തനെ കൂടും. മദ്യശാലകളുടെ എണ്ണം കൂട്ടാനുള്ള പ്രഖ്യാപനമുണ്ടായിട്ടില്ല.

മദ്യവില്‍പ്പനയ്ക്ക് എതിരെ രംഗത്ത് വന്ന 185ഓളം പഞ്ചായത്തുകളിലെ മദ്യശാലകള്‍ അടച്ചുപൂട്ടുമെന്നും പ്രഖ്യാപനമുണ്ടായി. പാതയോരങ്ങളിലെ മദ്യശാലകള്‍ക്കെതിരായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 500 മദ്യശാലകള്‍ ദേശീയ പാതയോരങ്ങളില്‍ നിന്നും ഒഴിപ്പിക്കും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. മദ്യത്തിന് വില കൂടുമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വൈദ്യുതി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.

യൂണിറ്റിന് അമ്പതോ അറുപതോ പൈസ മാത്രം നിരക്കിലായിരിക്കും വൈദ്യുതി ലഭ്യമാക്കുക. വൈദ്യുതി സബ്സിഡി അടുത്ത സാമ്പത്തിക വര്‍ഷം വരെ തുടരുമെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 6300 കോടി രൂപയാണ് ഇതിനായി നീക്കിയിരിപ്പെന്നും ധനമന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ