ന്യൂഡൽഹി: തന്‍റെ കാറില്‍ ഇടിച്ചെന്ന് ആരോപിച്ച് ഹരിയാനയിലെ ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞുവെച്ചു. ആംബുലന്‍സില്‍ അത്യാസന്ന നിലയില്‍ രോഗിയുണ്ടെന്ന് പറഞ്ഞിട്ടും ബിജെപി നേതാവായ ദര്‍ശന്‍ നാഗ്പാല്‍ പോകാന്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഫത്തേഹബാദിലെ ഒരു ജങ്ഷനില്‍ വെച്ച് നവീന്‍ സോണിയെന്ന രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ദര്‍ശന്‍ നാഗ്പാലിന്‍റെ കാറിലിടിച്ചു. കാറിന് സാരമായി ഒന്നും പറ്റിയില്ല. എന്നിട്ടും ദര്‍ശന്‍ നാഗ്പാല്‍ ആംബുലന്‍സിനെ പിന്തുടര്‍ന്ന് തടയുകയായിരുന്നു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലന്‍സ് തടഞ്ഞത്. രോഗി അത്യാസന്നനിലയിലാണെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടതുണ്ടെന്നും ബന്ധുക്കള്‍ കേണപേക്ഷിച്ചിട്ടും നേതാവിന്‍റെ മനസ്സ് അലിഞ്ഞില്ല. അര മണിക്കൂര്‍ കഴിഞ്ഞാണ് പോകാന്‍ അനുവദിച്ചത്.


ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചു. കുറച്ചുനേരത്തെ കൊണ്ടുവന്നിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി.

എന്നാല്‍ ആംബുലന്‍സിന്‍റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് ദര്‍ശന്‍ നാഗ്പാലിന്‍റെ വാദം. താന്‍ ആംബുലന്‍സ് തടഞ്ഞുവെച്ചില്ലെന്നും നേതാവ് അവകാശപ്പെട്ടു. പക്ഷേ മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook