ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ കനാൽ വൃത്തിയാക്കുന്നതിനിടെ 11 മൃത ശരീരങ്ങളും നാല് തലയോട്ടികളും ലഭിച്ചു. ഭക്രാനംഗൽ കനാലിൽ വാർഷിക ശുചീകരണം നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾക്ക് ഒന്നു മുതൽ പത്തുമാസം വരെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
ഗാർഹി, നിർവാണ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. നർവാണ ഭാഗത്തുനിന്ന് എട്ട് മൃതദേഹങ്ങൾ ലഭിച്ചപ്പോൾ മൂന്ന് മൃതദേഹങ്ങളും തലയോട്ടികളും ഗാർഹി മേഖലയിൽനിന്ന് കണ്ടെത്തി. പഞ്ചാബിൽനിന്ന് ഹരിയാനയിലേക്ക് കനാൽ പ്രവേശിക്കുന്ന സ്ഥലമാണിത്. ശുചീകരണത്തിനായി കനാലിലെ വെള്ളം ഗണ്യമായി കുറച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതിലൊന്ന് പഞ്ചാബിലെ പട്യാല സ്വദേശി സത്നാം സിംഗിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.