ഹാരി രാജകുമാരന്റേയും മേഗന്‍ മര്‍ക്കലിന്റേയും രാജകീയ വിവാഹം മെയ് 19നാണ് നടന്നത്. തങ്ങള്‍ക്ക് വിവാഹ സമ്മാനങ്ങളൊന്നും കൊണ്ടുവരേണ്ടെന്ന് ഇരുവരും വിവാഹത്തിന് മുമ്പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹദിനം കെന്‍സിങ്ടണ്‍ പാലസില്‍ വിവാഹസമ്മാനങ്ങളുടെ ചാകരയായിരുന്നു. നിരവധി സെലിബ്രിറ്റികളും കമ്പനികളുമാണ് രാജകീയ വിവാഹത്തിന് സമ്മാനങ്ങളുമായെത്തിയത്.

എന്നാല്‍ കൊട്ടാരം ഈ സമ്മാനങ്ങള്‍ തിരിച്ചുകൊടുക്കാന്‍ തയ്യാറെടുപ്പ് നടത്തിയതായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 7 മില്യണ്‍ പൗണ്ട് വിലപിടിപ്പുളള (62,97,52,190.13) സമ്മാനങ്ങളാണ് വിവാഹത്തിന് ലഭിച്ചത്. തങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യത്തിന് വേണ്ടി മാത്രം നിരവധി കമ്പനികളാണ് സമ്മാനങ്ങള്‍ നല്‍കിയത്. വിലപിടിപ്പുളള ബാഗുകള്‍, പഴ്സ്, വസ്ത്രം, ഷൂസ്, വാച്ചുകള്‍, രത്നങ്ങള്‍, എന്നിവയൊക്കെ കിട്ടിയ സമ്മാനങ്ങളിലുണ്ട്. ഒരു കമ്പനി ഇരുവര്‍ക്കും ബിക്കിനിയാണ് നല്‍കിയതെന്നും വിവരമുണ്ട്. ഹണിമൂണ്‍ വേളയില്‍ രാജദമ്പതികള്‍ ഇത് ധരിച്ചാല്‍ തങ്ങള്‍ക്ക് പരസ്യം ലഭിക്കുമല്ലോ എന്ന ചിന്തയിലാണ് ഈ ഗിഫ്റ്റ് സമ്മാനിച്ചത്. ഇതിൽ പലതും തിരിച്ചയക്കും. ബാക്കിയുളളത് ചാരിറ്റിക്കായി നല്‍കും.

സമ്മാനങ്ങള്‍ വാങ്ങുന്നതില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജകുടുംബത്തിലുളളത്. സമ്മാനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ ഇക്കാര്യം കുടുംബാംഗങ്ങള്‍ അറിഞ്ഞിരിക്കണം. നേരിട്ടറിയാത്ത ഒരാളാണ് ഗിഫ്റ്റ് നല്‍കുന്നതെങ്കില്‍ അത് സ്വീകരിക്കാനും പാടില്ലെന്ന് കൊട്ടാരത്തില്‍ നിയമമുണ്ട്. ദമ്പതികള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഗിഫ്റ്റിന് പോന്ന തുക ചാരിറ്റിക്കായി നല്‍കണമെന്നായിരുന്നു നേരത്തേ കൊട്ടാരം അധികൃതര്‍ അപേക്ഷിച്ചിരുന്നത്.

തങ്ങള്‍ക്ക് കിട്ടുന്ന ഈ വിലകൂടിയ സമ്മാനങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കാതെ ലോകമാകമാനമുള്ള ഏഴ് ഓര്‍ഗനൈസേഷനുകള്‍ക്ക് ചാരിറ്റിയായി സംഭാവന ചെയ്യുമെന്ന് ദമ്പതികള്‍ നേരത്തേ അറിയിച്ചിരുന്നു. ഇതില്‍ ഒരു സംഘടനയാണ് മുംബൈ ചേരികള്‍ കേന്ദ്രീകരിച്ച്‌ സ്ത്രീകളുടെ ക്ഷമേത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈന മഹിളാ ഫൗണ്ടേഷന്‍.

തല്‍ഫലമായി ഹാരിക്കും മേഗനും ലഭിക്കുന്ന വിവാഹ സമ്മാനങ്ങള്‍ പലതും ഇന്ത്യയിലേക്ക് വരുമെന്നുറപ്പായിരിക്കുകയാണ്. മുംബൈ ചേരിയിലെ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചത് മേഗന്‍ തന്നെയാണ്. തങ്ങള്‍ക്ക് വിവാഹത്തിന് സമ്മാനങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവരോട് പകരം പണം നല്‍കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മുംബൈയിലെത്തിയപ്പോള്‍ മേഗന്‍ മൈന മഹിളാ ഫൗണ്ടേഷന്‍ സന്ദര്‍ശിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് സഹായം നല്‍കാന്‍ അവര്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഈ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ മേഗന്‍ ടൈം മാഗസസിനില്‍ എഴുതുകയും ചെയ്തിരുന്നു. നിലവില്‍ സഹായം നല്‍കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സംഘടനകളുമായി ദമ്പതികള്‍ക്ക് ഔപചാരിക ബന്ധങ്ങളൊന്നുമില്ലെന്നാണ് കെന്‍സിങ്ടണ്‍ പാലസ് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയാണ് ഹാരിയും മേഗനും സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കൊട്ടാരം പറയുന്നത്. സാമൂഹിക മാറ്റം, സ്ത്രീശാക്തീകരണം, വനവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, എച്ച്‌ഐവി നിവാരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളടക്കമുള്ളവയ്ക്കാണ് ഇവര്‍ വിവാഹസമ്മാനത്തില്‍ നിന്നും സഹായം നല്‍കുന്നതെന്ന് കൊട്ടാരം ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവര്‍ സഹായം നല്‍കാന്‍ തിരഞ്ഞെടുത്ത സംഘടനകളില്‍ മിക്കവയും താരതമ്യേന ചെറുതാണ്. എങ്കിലും ഈ സേവനസന്നദ്ധതയിലൂടെ രാജദമ്പതികള്‍ക്ക് ജനമനസുകളിലുള്ള സ്ഥാനം വര്‍ധിക്കുമെന്നുറപ്പാണ്. മുംബൈയിലെ നാഗരിക ചേരികളിലെ സ്ത്രീകളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മൈന മഹിളാ ഫൗണ്ടേഷന്‍. വിശ്വാസ്യയോഗ്യമായ നെറ്റ്‌വര്‍ക്കുകള്‍ അവര്‍ക്ക് പ്രദാനം ചെയ്തുകൊണ്ടാണിത് സാധ്യമാക്കുന്നത്. സ്ത്രീകളെ വ്യക്തിപരമായും തൊഴില്‍പരമായും ഈ സംഘടന സഹായിക്കുന്നുണ്ട്. ഇതിലൂടെ നിരവധി പേരെ വ്യക്തിപരമായും സംരംഭകരായും വരെ വളര്‍ത്താന്‍ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook