ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന് ഹാരി രാജകുമാരന് അച്ഛനാവുന്നു. മേഗന് മാര്‍ക്കിള്‍ ഗര്‍ഭിണിയാണെന്ന വിവരം കെന്‍സിങ്ടൺ പാലസാണ് പുറത്തുവിട്ടത്. ഇതുവരെ ജനങ്ങളും ലോകവും തന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും കൊട്ടാരം അധികൃതര്‍ വ്യക്തമാക്കി. മേഗന്റെ ആരോഗ്യം വളരെ നല്ല നിലയിലാണന്നും 2019 ഏപ്രിലോടെയായിരിക്കും പ്രസവം നടക്കുക എന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആയയെ വച്ച് കുട്ടിയെ നോക്കേണ്ട എന്ന നിലപാടിലാണ് മേഗന്. അതുകൊണ്ട് തന്നെ മേഗന് അമേരിക്കയില്‍ നിന്നും ലണ്ടനിലേക്ക് താമസം മാറ്റും. നിലവില്‍ ഇരുവരും ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി സിഡ്നിയിലാണുളളത്. മേയിൽ വിവാഹിതരായ ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. 16 ദിവസത്തെ സന്ദർശനവേളയിൽ ഫിജി, ടോംഗ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഇരുവരും കൂടി സന്ദർശിക്കും.
സിഡ്നി ഹാർബർ റെസിഡൻസിലേക്ക് പോകുന്ന രാജദമ്പതികൾ ചൊവ്വാഴ്ച മുതൽ ഔദ്യോഗിക തിരക്കുകളിലേക്ക് നീങ്ങും. വെള്ളിയാഴ്ച സിഡ്നിയിൽ ആരംഭിക്കുന്ന നാലാമത് ഇൻവിക്റ്റസ് ഗെയിംസിൽ ഹാരി പങ്കെടുക്കും. പിന്നീട് നാലു ദിവസത്തെ സന്ദർശനത്തിനായി ഇരുവരും ന്യൂസിലൻഡിലേക്ക് തിരിക്കും.
മകള്‍ ഗര്‍ഭിണിയായതില്‍ വളരെ സന്തോഷമുണ്ടെന്ന് മേഗന്റെ മാതാവ് ഡോരിയ റാഗ്ലാന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഗന് ഗര്‍ഭിണിയാണെന്ന് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈയടുത്ത് മേഗന് ധരിച്ച അയഞ്ഞ വസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗര്‍ഭിണി ആയത് കൊണ്ട് യാത്രകള്‍ക്ക് തടസ്സമുണ്ടാവില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ച ശേഷമാണ് ഇരുവരും സിഡ്നിയിലെത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook