എയ്‌ലറ്റ്: 2021ലെ വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ എയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഹർനാസ് വിജയകിരീടം ചൂടിയത്. ഛണ്ഡിഗഡ് സ്വദേശിനിയാണ്.
21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 1994ൽ സുസ്‌മിത സെനും, 2000ൽ ലാറാ ദത്തയും കിരീടം ചൂടിയ ശേഷം ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി കിരീടം ചൂടുന്നത് ഇപ്പോഴാണ്. മുൻ മിസ് യൂണിവേഴ്‌സ് ആയ മെക്‌സിക്കോയുടെ ആൻഡ്രിയ മെസ തന്റെ പിൻഗാമിയെ കിരീടമണിയിച്ചു.
ഫൈനലിൽ പരാഗ്വെയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ തോൽപ്പിച്ചാണ് ഹർനാസ് കിരീടം ചൂടിയത്. ദേശീയ വസ്ത്രം, സ്വിമ് വെയർ, അഭിമുഖം തുടങ്ങി എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഹർനാസിന്റെ കിരീട നേട്ടം.
നടിയും മോഡലുമായ ഹർനാസ് 2021 ഒക്ടോബറിൽ നടന്ന മിസ് ഡിവ യൂണിവേഴ്‌സ് കിരീടം നേടിയിരുന്നു. നേരത്തെ 2017 മിസ് ഛണ്ഡിഗഡ്, മിസ് മാക്സ് എമേർജിങ് സ്റ്റാർ ഇന്ത്യ 2018, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലും ഹർനാസ് കിരീടം ചൂടിയിരുന്നു. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.