ചണ്ഡിഗഡ്: ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാലകൾ അടച്ച് പൂട്ടാൻ ഹർജി നൽകിയ ഹർമാൻ സിദ്ധുവിന് മനംമാറ്റം. ഹർജി ഒന്നും നൽകേണ്ടി ഇരുന്നില്ല, മദ്യം ലഭിക്കാൻ ഇപ്പോൾ യാതൊരു വഴിയുമില്ല, മദ്യപാനത്തെ ഏറെ ഇഷ്ടപ്പെടുന്നു എന്നും ഹർമാൻ സിദ്ധു തുറന്നു പറയുന്നു. ചണ്ഡിഗഡുകാരനായ ഹർമാൻ സിദ്ധുവാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.

1996ല്‍ ഹിമാചല്‍ പ്രദേശില്‍വച്ച് വാഹനാപകടത്തിൽ പരുക്കേറ്റ് വീൽചെയറിലായതോടെയാണ് ഐടി വിദഗ്ധനായ സിദ്ധു മദ്യപാനത്തിനും അലക്ഷ്യമായി വാഹനമോടിക്കുന്നതിനുമെതിരെ പോരാട്ടം തുടങ്ങിയത്. അങ്ങനെയാണ് ദേശീയ പാതയോരങ്ങളിലെ ബാറുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

Read more: മദ്യഷോപ്പുകളിൽ ക്യൂ നിൽക്കുന്നവർ അന്വേഷിക്കുന്ന ആ മനുഷ്യൻ ഇതാണ്

എന്നാല്‍ സുപ്രീം കോടതി പ്രധാന നഗരങ്ങളിലെ അടക്കം ബാറുകളും മദ്യശാലകളും അടച്ച് പൂട്ടാന്‍ ഉത്തരവിടുമെന്ന് സിദ്ധു സ്വപ്‌നത്തില്‍ പോലും കരുതിയില്ല. കോടതി വിധിപ്രകാരം ബാറുള്‍ പൂട്ടിയതോടെ രണ്ട് പെഗ്ഗ് കഴിക്കാന്‍ വയ്യെന്നാണ് സിദ്ധു ഇപ്പോള്‍ പറയുന്നത്. കോടതി ഉത്തരവ് പ്രകാരം ചണ്ഡിഗഡിലെ പ്രധാന മദ്യശാലകളെല്ലാം അടച്ച് പൂട്ടി. മദ്യം കിട്ടാത്ത അവസ്ഥയിലെത്തുന്നതിനെക്കുറിച്ച് ഓര്‍ക്കാനേ കഴിയില്ല. ഇപ്പോള്‍ ഞാനടക്കമുള്ളവര്‍ മദ്യം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും സിദ്ധു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മദ്യപിച്ച് വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന വാഹനാപകടം ഒഴിവാക്കാൻ വേണ്ടിയാണ് ഹർജി നൽകിയത്. ഇത്തരമൊരു വിധി പ്രതീക്ഷിരുന്നില്ലെന്നും ഹർമ്മൻ സിദ്ധു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ