ന്യൂഡല്‍ഹി: 2019ല്‍ ജാമിഅ നഗര്‍ പ്രദേശത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും അക്രമത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചുള്ള കേസില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. പ്രസംഗത്തിന്റെ ഉള്ളടക്കം സാമുദായിക സ്വൈര്യവും ഐക്യവും ദുര്‍ബലമാകാന്‍ കാരണമാകുന്നതാണെന്നു കോടതി നിരീക്ഷിച്ചു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനൂജ് അഗര്‍വാളാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ഡിസംബര്‍ 13ലെ പ്രസംഗത്തിന്റെ ദ്രുതഗതിയിലുള്ളതും വ്യക്തവുമായ വായന അത് വ്യക്തമായും സാമുദായിക, വിഭജനപരമായ വാക്കുകള്‍ അടങ്ങിയതാണെന്നു വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഉത്തരവില്‍ പറഞ്ഞു.
”എന്റെ കാഴ്പ്പാടില്‍, വിദ്വേഷ പ്രസംഗത്തിന്റെ സ്വരവും ഉദ്ദേശ്യവും സമൂഹത്തിന്റെ പൊതു സമാധാനം, സമാധാനം, ഐക്യം എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന പ്രഭാവം ലക്ഷ്യമിട്ടുള്ളതാണ്,”കോടതി പറഞ്ഞു.
Also Read: മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; ഒരു മരണം
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രകടനത്തിനിടെ 2019 ഡിസംബര്‍ 15 നു ജാമിയ നഗര്‍ പ്രദേശത്ത് മൂവായിരത്തിലധികം പേര്‍ അടങ്ങുന്ന ജനക്കൂട്ടം പൊലീസിനെ ആക്രമിക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. സിഎഎ-എന്‍ആര്‍സിക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്കു ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളാണ് ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
അതേസയം, ഷര്‍ജീലിന്റെ പ്രസംഗത്തില്‍ പ്രചോദിതരായി ജനം കലാപത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നതിനു തെളിവുകള്‍ അപര്യാപ്തമാണെന്നു കോടതി നിരീക്ഷിച്ചു. ഒരു ദൃക്സാക്ഷിയെ പോലും പ്രോസിക്യൂഷന്‍ ഉദ്ധരിക്കുകയോ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം കേട്ട് മറ്റു കുറ്റാരോപിതര്‍ കലാപം നടത്തിയെന്നു വ്യക്തമാക്കാന്‍ മറ്റ് തെളിവുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നു കോടതി ഉത്തരവില്‍ പറഞ്ഞു.