അഹമ്മദാബാദ്: വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഗുജറാത്ത് കടക്കാനിരിക്കെ പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ട്വീറ്ററിലൂടെയാണ് ഹാര്‍ദിക് ഇക്കാര്യം സ്ഥിരീകരിച്ചത്.
“ദേശീയവും സംസ്ഥാനപരവുമായുള്ള പൊതുതാത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു പുതിയ അധ്യായം തുടങ്ങുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാജ്യത്തിനായുള്ള മഹത്തായ സേവനത്തിൽ ഞാൻ ഒരു ചെറിയ പോരാളിയായി പ്രവർത്തിക്കും,” ഹർദിക് ട്വിറ്ററില്‍ കുറിച്ചു.
മേയ് 18 ന് കോണ്‍ഗ്രസ് വിട്ടതുമുതല്‍ ഹാര്‍ദിക് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ അണികളോടൊപ്പം ഹാര്‍ദിക് പാര്‍ട്ടിയില്‍ ചെരുമെന്ന് ബിജെപി മീഡിയ കണ്‍വീനര്‍ യഗ്നേഷ് ദാവ് അറിയിച്ചിരുന്നു.
ഹാര്‍ദിക്കിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം നേതൃത്വത്തിന്റേതാണ്. അതിനാല്‍ ഒരു പ്രവര്‍ത്തകരും അതിനെ എതിര്‍ക്കില്ല. പക്ഷെ ബിജെപിയോടുള്ള ആദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ നിലപാടുകള്‍ പരിഗണിച്ചാല്‍ ആരും അത്ര സംതൃപ്തരല്ല. അദ്ദേഹത്തെ പൂര്‍ണമനസോടെ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുമെന്ന് കരുതുന്നില്ല, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു.
28 കാരനായ ഹാർദിക് 2015 ൽ ബിജെപി സർക്കാരിനെതിരെ പാട്ടിദാർ ക്വോട്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉത്തർപ്രദേശ് ഗവർണറുമായ ആനന്ദിബെൻ പട്ടേലിനെ പുറത്താക്കുന്നതിൽ ഹാര്‍ദിക്കിന്റെ നീക്കം നിർണായകമായിരുന്നു.
പട്ടിദാർ സമുദായത്തിന് ഒബിസി പദവി നൽകണമെന്നായിരുന്നു ഹാർദിക്കിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ പ്രധാന ആവശ്യം. തുടർന്ന്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) സംവരണം വേണമെന്നായി മാറി.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഹാർദിക് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റായി. എന്നാൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ഹാര്‍ദിക്കിനെ മാറ്റിനിർത്തിയിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
Also Read: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു