ന്യൂഡൽഹി: മൂന്ന് വർഷം മുൻപ് നടന്ന പട്ടിദാർ കലാപ കേസിൽ ഹർദ്ദിക് പട്ടേലിന് രണ്ട് വർഷം തടവുശിക്ഷയ്ക്ക് വിധിച്ചു. കേസിൽ 50000 രൂപ പിഴയും ഇദ്ദേഹം അടയ്ക്കണം. വിസ്‌നഗറിലെ ബിജെപി എംഎൽഎയുടെ ഓഫീസ് തകർത്ത കേസിലാണ് ഹർദ്ദിക് പട്ടേലിനെയും കൂട്ടാളികളായ ലാൽജി പട്ടേൽ, എകെ പട്ടേൽ എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

മൂന്ന് പേർക്കും കേസിൽ കോടതി ജാമ്യം അനുവദിച്ചു. പട്ടിദാർ സംവരണ പ്രക്ഷോഭ സമയത്താണ് 3000 ത്തിലേറെ വരുന്ന സമുദായംഗങ്ങൾ വിസ്‌നഗറിലെ ബിജെപി എംഎൽഎയുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. കേസിൽ 17 പേരെയാണ് പൊലീസ് കുറ്റക്കാരായി കണ്ടെത്തിയത്. മറ്റ് 14 പേരെയും കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലായിരുന്ന ഹർദ്ദിക് പട്ടേലിന് മെഹ്‌സാന ജില്ലയിൽ കടക്കുന്നതിന് വിലക്കുണ്ട്. സർക്കാർ ജോലിക്കും വിദ്യാലയങ്ങളിലും പട്ടിദാർ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തിൽ ആകെ 14 പേരാണ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.

സംവരണ വിഷയത്തിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഹർദ്ദിക് പട്ടേൽ നേരത്തെ പറഞ്ഞിരുന്നു. മരണം വരെ നിരാഹാരം കിടക്കുമെന്നായിരുന്നു പ്രഖ്യാപനം. പോരാട്ടം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook