ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഞാനും കാവല്ക്കാരന് ആണ്’ (മേ ഭീ ചൗക്കിദാര്‍) എന്ന ക്യാംപെയിനിനെ പരിഹസിച്ച് പട്ടേൽ പ്രക്ഷോഭ നേതാവും ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍. പ്രധാനമന്ത്രിയും മറ്റ് ബിജെപി നേതാക്കളും ട്വിറ്ററില്‍ പേര് മാറ്റി ‘ചൗക്കിദാര്‍’ എന്ന പേര് കൂട്ടിച്ചേര്‍ത്തത് പോലെ ‘ബെരോജ്ഗാര്‍’ എന്നാണ് ഹാര്‍ദിക് ട്വിറ്ററില്‍ തന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
Read: ‘ചൗക്കിദാര്‍ നരേന്ദ്ര മോദി’, ‘ചാക്കിദാര് അമിത് ഷാ’; പേര് മാറ്റി ബിജെപി നേതാക്കളും
‘തൊഴില്രഹിതന്’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ ‘കാവല്ക്കാരന് കള്ളനാണ്’ എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വച്ച ഹാഷ്ടാഗ് ക്യാംപെയിന് ആയിരുന്നു ഇത്. റഫാല്‍ ഇടപാടിനെ മുന്‍ നിര്‍ത്തി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്ക്കാരന് കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തെ പ്രതിരോധിക്കാനാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ ക്യാംപെയിന് തുടക്കമിട്ടത്.
പുതിയ ക്യാംപെയിന് ആരംഭിക്കുന്നതിന് മുമ്പ് മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. ‘നിങ്ങളുടെ കാവല്ക്കാരന് ശക്തനായി നിന്നു കൊണ്ട് രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും, സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണെന്ന്’.
പിന്നാലെ ബിജെപി നേതാക്കളും പേര് മാറ്റി ട്വിറ്ററില്‍ രംഗത്ത് വരികയായിരുന്നു. പുതിയ പ്രചാരണത്തിലൂടെ മോദി സ്വയം രാഹുല്‍ ഗാന്ധിയുടെ വാദമായ ‘കാവല്ക്കാരന് കള്ളനാണ്’ എന്നത് സമ്മതിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.