അഹമ്മദാബാദ്: ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേലിന് വേണ്ടി വലവിരിച്ച് കോൺഗ്രസും പട്ടിദാർ സമുദായ നേതാവ് ഹർദ്ദിക് പട്ടേലും. ആവശ്യപ്പെട്ട വകുപ്പുകൾ നൽകിയില്ലെങ്കിൽ താൻ എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും രാജിവയ്ക്കുമെന്ന് നിതിൻ പട്ടേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹർദ്ദിക് പട്ടേൽ നിലപാടറിയിച്ചത്.

“ഉപമുഖ്യമന്ത്രി പദം രാജിവയ്ക്കുകയാണെങ്കിൽ പട്ടേലിന് പട്ടിദാർ സമുദായംഗങ്ങൾക്ക് ഒപ്പം ചേരാം. കോൺഗ്രസിനോട് പറഞ്ഞ അർഹമായ സ്ഥാനം വാങ്ങിത്തരാം. കോൺഗ്രസിനൊപ്പം സർക്കാർ രൂപീകരിക്കാം”, ഹർദ്ദിക് പട്ടേൽ പറഞ്ഞു.

ആനന്ദിബെൻ പട്ടേലിന് ശേഷം നിതിൻ പട്ടേലിനെ ഉന്നമിടുകയാണ് ബിജെപിയെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഭരത് സിംഗ് സോളങ്കി പറഞ്ഞു. ഈ സാഹചര്യത്തിൽ നിതിൻ പട്ടേലും അനുയായികളും വരികയാണെങ്കിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയിൽ താൻ കൈകാര്യം ചെയ്തിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകൾ വേണമെന്നായിരുന്നു നിതിൻ പട്ടേലിന്റെ ആവശ്യം. എന്നാൽ, ഈ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് രൂപാനി നൽകിയില്ല. ഇതേതുടർന്നാണ് തർക്കം ആരംഭിച്ചത്. ചോദിച്ച വകുപ്പുകൾ മൂന്ന് ദിവസത്തിനകം നൽ‌കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേൽ പറഞ്ഞിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ