ലക്നൗ: നോട്ട് നിരോധനത്തെ വിമർശിച്ച നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഹാര്‍വാര്‍ഡ് ചിന്തയെക്കാള്‍ പ്രാധാന്യം ഹാര്‍ഡ്‍വര്‍ക്കിന് (കഠിനാധ്വാനം) ആണെന്ന് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു.

നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കൂടിയായ അമർത്യ സെൻ പറഞ്ഞിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഹാര്‍വാഡിന്റേയും ഹാര്‍ഡ്‍വര്‍ക്കിന്റേയും വ്യത്യാസം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഒരുവശത്ത് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയെ കുറിച്ച് പറയുന്പോൾ മറുവശത്ത് ഒരു പാവപ്പെട്ടവന്റെ മകന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദിയെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മോദി പരിഹസിച്ചു. കോണ്‍ഗ്രസിലെ അബദ്ധങ്ങള്‍ സംസാരിക്കുന്ന ഒരു യുവ നേതാവ് എന്നാണ് മോദി രാഹുലിനെ അഭിസംബോദന ചെയ്തത്. സമാജ്‍വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ച് പ്രവര്‍ച്ചാല്‍ ഉത്തര്‍പ്രദേശ് നാശത്തിലേക്ക് മാത്രമേ നീങ്ങുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ അഞ്ചു ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബി.ജെ.പിയുടെ വിജയം ജനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞുവെന്നും ഇനിയുള്ള രണ്ട് ഘട്ടത്തിലെ വോട്ട് ജനങ്ങൾ ബി.ജെ.പിക്ക് തരുന്ന സമ്മാനവും ബോണസുമാണെന്നും മോദി പറഞ്ഞു. പച്ചക്കറി കച്ചവടക്കാരൻ ഉപഭോക്താവിന് മുളകും മല്ലി ഇലയും ബോണസായി നൽകുന്നത് പോലെയാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ