ന്യൂഡൽഹി: പഞ്ചാബിലെ ജയത്തോടെ ആം ആദ്മിയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പായിരിക്കുകയാണ്. ബുധനാഴ്ച ഭഗവന്ത് സിങ് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, പാർട്ടി രാജ്യസഭയിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്ന ആളുകളുടെ പട്ടികയിൽ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ഉള്ളതായി എഎപി വൃത്തങ്ങൾ പറഞ്ഞു. നിലവിൽ മൂന്ന് സീറ്റുകളാണ് എഎപിക്ക് രാജ്യസഭയിലുള്ളത്.
അതേസമയം, ഹർഭജൻ സിങ്ങിനെ സംസ്ഥാനത്തെ ഒരു നിർദ്ദിഷ്ട കായിക സർവകലാശാലയുടെ തലവനാക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്.
മാർച്ച് 10ന്, ഭഗവന്ത് സിങ് മാൻ ജയിച്ചതിനു പിന്നാലെ ഹർഭജൻ സിങ് ട്വിറ്ററിലൂടെ ആശംസകൾ നേർന്നിരുന്നു. “നമ്മുടെ പുതിയ മുഖ്യമന്ത്രി എന്റെ സുഹൃത്ത് ഭഗവന്ത് മാന് അഭിനന്ദനങ്ങൾ… ഭഗത് സിങ്ങിന്റെ ഗ്രാമത്തിൽ വച്ച് അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്…” ഹർഭജൻ കുറിച്ചു.
സച്ചിൻ ടെണ്ടുൽക്കറും നവജോത് സിങ് സിദ്ദുവുമാണ് ഇതിനു മുൻപ് രാജ്യസഭയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. 2012 – 18 കാലഘട്ടത്തിലായിരുന്നു സച്ചിൻ രാജ്യസഭയിൽ. 2016ൽ കേവലം ആറ് മാസമാണ് സിദ്ദു രാജ്യസഭയിൽ ഉണ്ടായിരുന്നത്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള താരമാണ് ഹർഭജൻ സിങ്.
Also Read: കെ-റെയില്‍: അനുമതി വിശദമായ സാമ്പത്തിക സാങ്കേതിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമെന്ന് കേന്ദ്രം