ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ 45കാരനായ മുസ്ലീം കന്നുകാലി കച്ചവടക്കാരനെ തല്ലിക്കൊന്നത് പശു ഭീകരര്‍ തന്നെയെന്ന് തെളിയിക്കുന്ന രണ്ടാം വീഡിയോ പുറത്ത്. മരിച്ച ഖാസിമിനൊപ്പം ക്രൂരമായ അക്രമത്തിന് ഇരയായ 65കാരനായ സമീയുദ്ധീനെ അക്രമിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

റോഡിലെ അടിപിടിയില്‍ പരുക്കേറ്റാണ് കന്നുകാലി കച്ചവടക്കാരനായ ഖാസിം മരിച്ചത് എന്ന പൊലീസിന്റെ വാദം ഖണ്ഡിക്കുന്നതാണ് പുതിയ വീഡിയോ. സമീയുദ്ധീന്റെ താടി പിടിച്ച് വലിച്ച് മര്‍ദ്ദിക്കുന്ന ഒരു മിനുട്ട് ദൈര്‍ഘ്യമുളള വീഡിയോ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ട്. പശുവിനെ കശാപ്പ് ചെയ്തെന്ന് സമ്മതിക്കാന്‍ സമീയുദ്ധീനെ ആള്‍ക്കൂട്ടം നിര്‍ബന്ധിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. ഇദ്ദേഹത്തിന്റെ ദേഹത്തും വസ്ത്രത്തിലും ചോരയും കാണാന്‍ കഴിയും.

65കാരനായ സമിയുദ്ദീന് ഗുണ്ടാ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. യുധിഷ്ഠിര്‍ സിംഗ്, രാകേഷ് സിസോദിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അക്രമത്തിന്റെ ഒരു വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. പിലാഖുവിലെ കരിമ്പ് പാടത്തായിരുന്നു അക്രമം. മര്‍ദ്ദനമേറ്റ് ദയനീയമായ നിലയില്‍ യുവാക്കളോട് വെള്ളം ചോദിക്കുന്ന ഖാസിമിനെ വീഡിയോയില്‍ കാണാം. എന്നാല്‍ മുസ്ലീമായത് കാരണം അവര്‍ ഖാസിമിന് വെള്ളം കൊടുത്തിട്ടില്ലെന്ന് സഹോദരന്‍ പറയുന്നു.

അക്രമിൃത്തിന് ശേഷം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരുടെ സാമിപ്യത്തിലാണ് അക്രമം തുടര്‍ന്ന്ത്. പൊലീസ് മുന്നില്‍ നില്‍ക്കുമ്പോള്‍ അക്രമികള്‍ ഇരകളെ ഇരുവരേയും തൂക്കിയെടുത്ത് കൊണ്ടു വരുന്ന ചിത്രം വ്യാപകമായ രീതിയില്‍ വിമര്‍ശനത്തിന് കാരണമായി. പിന്നാലെ യുപി പൊലീസ് ക്ഷമാപണം നടത്തി രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ