/indian-express-malayalam/media/media_files/uploads/2022/12/Hani-Babu-Elgar-Parishad-case.jpg)
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസറ്റ് ചെയ്യപ്പെട്ട ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനു മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്താന്‍ ബോംബെ ഹൈക്കോടതിയുടെ അനുമതി. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കായി സൈഫി ആശുപത്രിയിലേക്കു മാറ്റാന്‍ തലോജ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കു ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പി ഡി നായിക് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
ആശുപത്രിയില്‍ കഴിയുമ്പോള്‍ അമ്മയെയും ഭാര്യയെയും മകളെയും സഹോദരങ്ങളെയും കാണാന്‍ ഹാനി ബാബുവിനു കോടതി അനുമതി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയയുടെ ചെലവ് ബാബു വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഹാനി ബാബു നേരിട്ട മറ്റ് അസുഖങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു.
2020 മുതല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹാനി ബാബു ആരോഗ്യ കാരണങ്ങളാല്‍ മൂന്നു മാസത്തെ ഇടക്കാല ജാമ്യം തേടിഅടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ചെലവില്‍ സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്കു വിധേയനാകാനും വയറുവേദനയ്ക്കും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനും ചികില്‍സയ്ക്കുമാണ് അദ്ദേഹം ജാമ്യം തേടിയത്.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇളവ് തേടി ജയില്‍ അധികൃതരെയും പ്രത്യേക എന്‍ ഐ എ കോടതിയെയും ഹാനി ബാബു അടുത്തിടെ സമീപിച്ചിരുന്നു. പ്രതികരണം ഉണ്ടാകാതിരുന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.
തിമിരം മൂലം തനിക്ക് കാഴ്ചശക്തി ഗണ്യമായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും വയറ്റിലും കാല്‍മുട്ടുകളിലും കടുത്തതും വിട്ടുമാറാത്തതുമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അനുച്‌ഛേദം 21 (വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം) പ്രകാരം നല്‍കുന്ന ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമുള്ള തന്റെ മൗലികാവകാശം ജയില്‍ അധികൃതര്‍ ലംഘിച്ചുവെന്ന് ബാബു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റിനെ കാണാന്‍ മുംബൈ ജെജെ ആശുപത്രിയില്‍ കൊണ്ടുപോകാനും ശസ്ത്രക്രിയ ആവശ്യമെങ്കില്‍ തന്റെ ചെലവില്‍ സ്വകാര്യ ആശുപത്രിയില്‍ നടത്താനും അനുമതി തേടി അദ്ദേഹം മാര്‍ച്ചില്‍ പ്രത്യേക എന്‍ ഐ എ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ജെ ജെ ആശുപത്രിയിലേക്കു കൊണ്ടുപോകാനും ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടാനും പ്രത്യേക ജഡ്ജി ഉത്തരവിട്ടിരുന്നു. ബാബുവിന്റെ പരാതികള്‍ പരിഗണിച്ച് ജയില്‍ ആശുപത്രി പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കിയെന്ന് ജയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കും റഫര്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാനമായ അപേക്ഷയുമായി പ്രത്യേക എന്‍ ഐ എ കോടതിയെ ഹാനി ബാബു സമീപിച്ചു. വയറുവേദനയ്ക്ക് ജയില്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുകയോ ജെ ജെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയോ ചെയ്തില്ലെന്ന് അദ്ദേഹം ബോധിപ്പിച്ചു. കണ്ണ് പരിശോധനയ്ക്കായി തന്നെ സെപ്റ്റംബറില്‍ ജെ ജെ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോള്‍ തുടര്‍ പരിശോധനയ്ക്കു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു തന്നെ കൊണ്ടുപോയില്ലെന്നും അസുഖങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
നിരോധിത സംഘടനയായ സി പി ഐ (മാവോയിസ്റ്റ്)യുമായി സജീവമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു ഹാനി ബാബുവിനെ 2020ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. പ്രത്യേക എന്‍ഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്ത് അദ്ദേഹം നല്‍കിയ അപ്പീല്‍ സെപ്റ്റംബര്‍ ഒന്‍പതിനു ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.