ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹനുമാനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. ഹനുമാന്‍ മുസ്‌ലിമാണെന്ന് അവകാശപ്പെട്ടായിരുന്നു ഇന്നലെ ബിജെപി നേതാവ് രംഗത്തെത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉയരുന്ന പുതിയ വാദം ഹനുമാന്‍ ജാട്ട് വിഭാഗത്തില്‍ പെടുന്ന ആളായിരുന്നു എന്നാണ്.
ഉത്തര്‍പ്രദേശ് മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍ ആണ് ഹനുമാന്‍ ജാട്ട് ആയിരുന്നുവെന്ന വാദം മുന്നോട്ട് വച്ചിരിക്കുന്നത്. അതിനായി അദ്ദേഹം നിരത്തുന്ന ന്യായീകരണം കേള്‍ക്കേണ്ടതു തന്നെയാണ്. മറ്റുള്ളവര്‍ പ്രശ്‌നത്തിലാണെന്ന് കണ്ടാല്‍ ഉടനെ ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെടുന്നവരാണ് ജാട്ടുകളെന്നും അതേ സ്വഭാവമാണ് ഹനുമാന്റേതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.
സീതയെ രാവണനില്‍ നിന്നും രക്ഷിക്കാനായി രാമനൊപ്പം ഹനുമാന്‍ ഇറങ്ങി പുറപ്പെട്ടത് രാമനും സീതയും ലക്ഷ്മണനുമൊന്നും ആരാണെന്ന് പോലും അറിയാതെയായിരുന്നുവെന്നും മന്ത്രി പറയുന്നു.
കഴിഞ്ഞ ദിവസം ഹനുമാന്‍ മുസ്‌ലിമായിരുന്നെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി നേതാവും രംഗത്തെത്തിയിരുന്നു. ബുക്കല്‍ നവാബാണ് വാദവുമായി രംഗത്തെത്തിയത്. റഹ്മാന്‍, റമസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നും ബുക്കല്‍ നവാബ് പറഞ്ഞു.
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഹനുമാന്‍ ദലിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മറ്റുള്ളവരും രംഗത്തെത്തിയത്.
#WATCH Uttar Pradesh Minister Chaudhary Lakshmi Narayan says ‘ I think Hanuman ji was a Jaat, because upon seeing someone being troubled a Jaat also jumps in even without knowing the issue or the people’ pic.twitter.com/Scjme1PgCD
— ANI UP (@ANINewsUP) December 21, 2018