ഗുവാഹത്തി: കോവിഡ് രോഗിയെ പേരുമാറി ഡിസ്ചാർജ് ചെയ്തത് ആശങ്ക പരത്തുന്നു. അസമിലാണ് ഗുരുതര വീഴ്ച. കോവിഡ് നെഗറ്റീവ് ആയവരുടെ ലിസ്റ്റ് വായിക്കുന്നതിനിടെ രോഗികളുടെ പേര് പരസ്പരം തെറ്റി കേട്ടതാണ് വീഴ്ചയ്ക്ക് കാരണം. ഒരുപോലെ ഉച്ചരിക്കപ്പെടുന്ന രണ്ട് പേരുകളാണ് കോവിഡ് വാർഡിൽ ഉണ്ടായിരുന്നത്. ഇതിൽ നെഗറ്റീവ് ആയവരുടെ പേര് വായിച്ചപ്പോൾ പോസിറ്റീവ് ആയ ആളാണ് വിളി കേട്ടത്. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. യഥാർത്ഥത്തിൽ നെഗറ്റീവ് ആയ വ്യക്തി ആശുപത്രിയിൽ തുടർന്നു. പോസിറ്റീവ് ആയി തുടരുന്ന വ്യക്തി വീട്ടിലെത്തിയ ശേഷമാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയുന്നത്.
അസമിലെ ഒരു സിവിൽ ആശുപത്രിയിലാണ് സംഭവം അരങ്ങേറിയത്. സംസ്ഥാന സർക്കാർ അംഗീകരിച്ച കോവിഡ് മുക്തരുടെ പട്ടിക ആശുപത്രി ജീവനക്കാർ കോവിഡ് വാർഡിൽവച്ച് ഉറക്കെ വായിച്ചു. കോവിഡ് മുക്തരുടെ പേരുവായിച്ച വ്യക്തി മാസ്ക് ധരിച്ചിരുന്നു. കോവിഡ് മുക്തരുടെ പട്ടികയിൽ ഹമീദ് അലി എന്ന പേരുണ്ടായിരുന്നു. കോവിഡ് ബാധിച്ച് ജൂൺ അഞ്ച് മുതൽ ചികിത്സയിലായിരുന്നു ഹമീദ് അലി. പിന്നീട് കോവിഡ് ഫലം നെഗറ്റീവ് ആയി.
Read Also: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 11458 പേര്ക്ക് കോവിഡ്, 386 മരണം
ഹമീദ് അലിയുടെ പേരടക്കം 14 കോവിഡ് മുക്തരാണ് പട്ടികയിലുണ്ടായിരുന്നത്. അതേ വാർഡിൽ ഹനീഫ് അലി എന്നു പേരുള്ള കോവിഡ് ബാധിതൻ ഉണ്ടായിരുന്നു. ഇയാൾ ജൂൺ മൂന്നിനാണ് അഡ്മിറ്റ് ആയത്. ഇയാൾക്ക് കോവിഡ് ഫലം നെഗറ്റീവ് ആയിട്ടില്ല. ഫലം നെഗറ്റീവ് ആയവരുടെ പട്ടിക വായിക്കുന്നതിനിടെ ഹമീദ് അലിയുടെ പേരും വായിച്ചു. എന്നാൽ, വിളി കേട്ടത് ഹനീഫ് അലിയാണ് ! ഹനീഫ് എന്നാകും വിളിച്ചതെന്ന് ഹമീദും വിചാരിച്ചു. തന്റെ ഫലമാണ് നെഗറ്റീവ് എന്നുകരുതി ഹനീഫ് ആശുപത്രി വിടുകയും ചെയ്തു.
മാസ്ക് ധരിച്ച് പേരുവിളിച്ചതാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകാൻ കാരണമെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്. വേണ്ടത്ര പരിശോധനയില്ലാതെ ജീവനക്കാർ ഹനീഫ് അലിയെ വീട്ടിലേക്ക് വിടുകയായിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പേരുമാറി കോവിഡ് രോഗിയെ വീട്ടിലേക്ക് അയച്ചെന്ന് വ്യക്തമായതോടെ ആശുപത്രി ജീവനക്കാർ ഉടൻ നടപടി സ്വീകരിച്ചു. ഹനീഫ് അലിയെ വീട്ടിൽ പോയി വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു. ഹനീഫിന്റെ വീടും അയൽവീടുകളും സീൽ ചെയ്തു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും നിരീക്ഷണത്തിലാക്കി. എന്നാൽ, രണ്ട് ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് നടത്തിയപ്പോൾ ഹനീഫ് അലിക്കും കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.