മുംബൈ: 2019ല്‍ ബിജെപിക്ക് വിജയിക്കണമെങ്കില്‍ നരേന്ദ്ര മോദിയെ മാറ്റി കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് മഹാരാഷ്ട്രയില്‍ നിന്നുളള പ്രമുഖ കര്‍ഷക നേതാവ്. വസന്ത്റാവു നായിക് ഷെട്ടി സ്വവലമ്പന്‍ മിഷന്‍ (വിഎന്‍എസ്എസ്എം) ചെയര്‍മാനായ കിഷോര്‍ തിവാരിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. മഹാരാഷ്ട്രയില്‍ നിരവധി പരിപാടികളില്‍ പങ്കെടുക്കാനായി മോദി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

ഇത് സംബന്ധിച്ച് അദ്ദേഹം ആര്‍എസ്എസ് നേതാക്കളായ മോഹന്‍ ഭാഗവതിനും ഭയ്യാ സുരേഷ് ജോഷിക്കും കത്തയച്ചു. നോട്ട് നിരോധനം, ജിഎസ്ടി, പെട്രോള്‍ വില വര്‍ദ്ധനവ് എന്നിവയിലൊക്കെ തീരുമാനം എടുത്ത അഹങ്കാരികളായ നേതാക്കള്‍ കാരണമാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തിരിച്ചടി ലഭിച്ചതെന്ന് തിവാരി കത്തില്‍ പറയുന്നു.

‘തീവ്രവാദപരവും ഏകാധിപത്യപരവുമായ നിലപാട് സ്വീകരിക്കുന്ന നേതാക്കള്‍ സമൂഹത്തിനും രാജ്യത്തിനും അപകടമാണ്. അത് മുമ്പും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുളളതാണ്. ചരിത്രം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി ഭരണം നിതിന്‍ ഗഡ്കരിക്ക് കൈമാറണം,’ തിവാരി ആവശ്യപ്പെട്ടു.

മോദിയുടേയും അമിത് ഷായുടേയും കര്‍ഷക വിരുദ്ധ പദ്ധതികളാണ് തിരിച്ചടിക്ക് കാരണമായതെന്ന് തിവാരി കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. ഇരുവരേയും ഉന്നത സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും തിവാരി ആവശ്യപ്പെട്ടു. ഏകാധിപത്യപരമായ ഇരുവരുടേയും നിലപാടിന് നേരെ എതിരായ രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതാണെന്നും തിവാരി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook