ന്യൂഡൽഹി: അടുത്ത ഫെബ്രുവരിയോടെ ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ പകുതിയോളം പേർക്കും കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് രോഗം പടരുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നും കേന്ദ്ര സർക്കാർ നിയമിച്ച സമിതിയിലെ അംഗം. ഇന്ത്യ ഇതുവരെ 7.55 ദശലക്ഷം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

എന്നാൽ സെപ്റ്റംബറോടെ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രഘട്ടം പിന്നിട്ടു. ഓരോ ദിവസവും ശരാശരി 61,390 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ജനസംഖ്യയുടെ 30 ശതമാനം പേർക്ക് നിലവിൽ രോഗം ബാധിച്ചിട്ടുണ്ടെന്നും ഇത് ഫെബ്രുവരിയിൽ 50 ശതമാനം വരെ ഉയരുമെന്നും കണക്കാക്കുന്നുവെന്ന് കാൺപൂർ ഐഐടിയിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗർവാൾ ആണ് വ്യക്തമാക്കിയത്.

“കോവിഡിന്റെ നിലവിലുള്ള വ്യാപനം കേന്ദ്രസർക്കാറിന്റെ നിലവിലെ കണക്കുകളേക്കാൾ അധികമാണ്. കേന്ദ്ര സർക്കാറിന്റെ സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 14 ശതമാനം പേരിലേക്കാണ് വൈറസ് വ്യാപിച്ചിരിക്കുന്നത് ഇന്ത്യയിലെ വൻ ജനസംഖ്യ കാരണം കേന്ദ്ര സർക്കാറിന്റെ സീറോളജിക്കൽ സർവേകൾക്ക് സാമ്പിൾ പൂർണമായും ശേഖരിക്കാൻ കഴിയില്ല,” അദ്ദേഹം വ്യക്തമാക്കി.

Read More: കോവിഡ് വ്യാപനം കുറയുന്നു; പ്രതീക്ഷയ്ക്കും ജാഗ്രതയ്ക്കും കാരണങ്ങൾ നൽകി വിദഗ്ധർ

മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റ് മാസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം തടയാന്‍ ഇപ്പോള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ല. ചെറിയ പ്രദേശങ്ങളില്‍ മാത്രമേ ഇനി ലോക്ഡൗണ്‍ ഫലപ്രദമാവുകയുള്ളൂ, രാജ്യം പഴയപടി എല്ലാപ്രവര്‍ത്തനങ്ങളും പുനരാരംഭിക്കേണ്ടതുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു.

ശൈത്യകാലവും അടുത്തദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷമുന്‍കരുതലുകളില്‍ ഉണ്ടാവുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും.

ഹൈദരാബാദിലെ ഐഐടി പ്രൊഫസർ എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തിയത്. സെപ്റ്റംബർ പകുതിയോടെ രോഗവ്യാപനം ഉയർന്നേക്കുമെന്നും ആകെ രോഗബാധിതരുടെ എണ്ണം എണ്ണം 106 ലക്ഷം (10.6 ദശലക്ഷം) കവിയാൻ സാധ്യതയില്ലെന്നുമായിരുന്നു സമിതിയുടെ പ്രധാന കണ്ടെത്തൽ. ഇന്ത്യയിൽ ഇതുവരെ 75 ലക്ഷം പേർക്ക് രോഗം ബാധിച്ചു, അതിൽ 66 ലക്ഷത്തോളം പേർ സുഖം പ്രാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook