ബെംഗളുരു: സായുധ സേനാ ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തപസ് ബിഎച്ച്-201 ഡ്രോണിന്റെ ഗുണനിലവാര പരീക്ഷണങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എല്‍) ആറ് എയര്‍ഫ്രെയിമുകള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കും. ഡ്രോണ്‍ അല്ലെങ്കില്‍ ആളില്ലാ വിമാനത്തിന്റെ (യു എ വി) അടിസ്ഥാന ഘടനയാണ് എയര്‍ഫ്രെയിം. ചിറകുകള്‍, വാല്‍, പ്രധാന ഭാഗം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ടാക്റ്റിക്കല്‍ അഡ്വാന്‍സ്ഡ് പ്ലാറ്റ്‌ഫോം ഫോര്‍ ഏരിയല്‍ സര്‍വൈലന്‍സ് ബിയോണ്ട് ഹൊറൈസണ്‍-201 (തപസ് ബിഎച്ച്-201) മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡുറന്‍സ് (മെയില്‍) ഡ്രോണാണ്. കര, വ്യോമ, നാവിക സേനകളുടെ രാവും പകലുമുള്ള ആകാശ ദൗത്യങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ത്യയുടെ ആദ്യ ആളില്ലാ വിമാനമായിരിക്കുമിത്.
വാഹനത്തിന്റെ അന്തിമ രൂപരേഖ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനു (ഡി ആര്‍ ഡി ഒ) കീഴിലുള്ള എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി (എഡി എ) യുഎവിയുടെ ഏകദേശം പൂര്‍ത്തിയാക്കിയതായാണു വിവരം. ഇത് എച്ച് എ എല്ലിനു കെമാറും.
തപസിനായി എയര്‍ഫ്രെയിമുകള്‍ നിര്‍മിക്കാന്‍ പോകുന്ന കാര്യം എച്ച് എ എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍ മാധവന്‍ സ്ഥിരീകരിച്ചു. ”തപസിനായി ഞങ്ങള്‍ കുറച്ച് എയര്‍ഫ്രെയിമുകള്‍ നിര്‍മിക്കാന്‍ പോകുന്നു. ഉപയോക്തൃ ഗുണനിലവാര പരീക്ഷണങ്ങള്‍ക്കായി ആറ് എയര്‍ഫ്രെയിമുകള്‍ നിര്‍മ്മിക്കും. എച്ച് എ എല്ലും ഡി ആര്‍ ഡി ഒയും ചേര്‍ന്നുള്ളതാണ് ഈ പദ്ധതി.
തപസ് 30,000 അടിയില്‍ എത്തേണ്ടതുണ്ട്, അത് ഏതാണ്ട് എത്തിക്കഴിഞ്ഞു. 16 മണിക്കൂറിലധികം ആകാശത്തില്‍ ചെലവഴിച്ചുകൊണ്ട് സ്ഥിരതയും തെളിയിച്ചു. യര്‍ഫ്രെയിമുകള്‍ ഉപയോക്തൃ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന മുറയ്ക്ക് ഉല്‍പ്പാദനം ആരംഭിക്കും,” അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാര്‍ച്ചില്‍ തപസ് 28,000 അടി ഉയരത്തില്‍ പറന്നതായി ഡി ആര്‍ ഡി ഒ ചെയര്‍മാന്‍ ജി സതീഷ് റെഡ്ഡി പറഞ്ഞു.
”എയര്‍ഫ്രെയിമുകള്‍ തയാറായിക്കഴിഞ്ഞാല്‍, ഇവ തപസില്‍ ഘടിപ്പിക്കും. തപസിന്റെ പ്രവര്‍ത്തന ഉയരം 30,000 അടിയായിരിക്കം. 250 കിലോമീറ്റര്‍ സഞ്ചരിക്കാനും രാവും പകലും ദൗത്യങ്ങള്‍ നടത്താനും കഴിയും. സായുധ സേനകള്‍ക്കു രഹസ്യാന്വേഷണം നിരീക്ഷണം, രഹസ്യ ദൗത്യങ്ങള്‍ എന്നിവ നിര്‍വഹിക്കാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന തപസിനു 350 കിലോഗ്രാം വരെ പേലോഡ് വഹിക്കാന്‍ കഴിയും. വിശാലമായ പ്രദേശം നിരീക്ഷിക്കാനും ചെറിയ ലക്ഷ്യങ്ങള്‍ പോലും തിരിച്ചറിയാനുമാവും. ഇന്ത്യയുടെ ആദ്യത്തെ മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡുറന്‍സ് ആളില്ലാ വ്യോമവാഹനമായിരിക്കും തപസ് ബിഎച്ച്-201,” ഡി ആര്‍ ഡി ഒ വൃത്തങ്ങള്‍ റഞ്ഞു.
ആളില്ലാ വ്യോമ വാഹനത്തിനായി ഡി ആര്‍ ഡി ഒയുടെ ലാബ് കഴിഞ്ഞ വര്‍ഷം ‘ട്രൈസൈക്കിള്‍ നോസ് വീല്‍ ടൈപ്പ് റിട്രാക്ടബിള്‍ ലാന്‍ഡിങ് ഗിയര്‍ സിസ്റ്റം’ വികസിപ്പിച്ചിരുന്നു. കരസേന (60), വ്യോമസേന (12), നാവികസേന (നാല്) എന്നിവ മൊത്തം 76 തപസ് ഡ്രോണുകള്‍ ഉള്‍പ്പെടുത്തുമെന്ന് എച്ച് എ എല്‍ വൃത്തങ്ങള്‍ അറിയിച്ചു. 2016-ല്‍ വിഭാവനം ചെയ്ത പദ്ധതി 2023-ല്‍ പൂര്‍ത്തിയാകും.