ന്യൂഡല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് തദ്ദേശീയ മീഡിയം ലിഫ്റ്റ് ഹെലികോപ്റ്റർ ഉണ്ടാകുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ). 2028-ഓടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന റഷ്യന്‍ എംഐ-17 ന് പകരമായാണിതെന്നും എച്ച് എ എല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
13 ടൺ ഭാരമുള്ള ഇന്ത്യൻ മൾട്ടി റോൾ ഹെലികോപ്റ്ററിന്റെ (ഐഎംആർഎച്ച്) പ്രാഥമിക രൂപകൽപനയായെന്നും അന്തിമ രൂപരേഖ ഉടന്‍ തയാറാക്കുമെന്നും എച്ച്എഎല്ലിന്റെ എയ്‌റോഡൈനാമിക്‌സ് ചീഫ് മാനേജർ അബ്ദുൾ റഷീദ് തജാർ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഹെലികോപ്റ്ററിന് ഒരു നാവിക വേരിയന്റും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫണ്ടിങ്ങിനായാണ് നിലവിലെ കാത്തിരിപ്പ്, സുരക്ഷയുമായി ബന്ധപ്പെട്ട ക്യാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) അംഗീകാരവും ആവശ്യമാണ്. സിസിഎസിന്റെ അംഗീകാരം ലഭിച്ചാല്‍ നാല് വര്‍ഷത്തിനുള്ളില്‍ പ്രോട്ടോടൈപ്പിന്റെ ആദ്യ പറക്കലുണ്ടാകും, അദ്ദേഹം പറഞ്ഞു.
എംഐ-17-ന്റെ കാലാവധി അവസാനിക്കുന്നതോടെ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ (ഐഎഎഫ്) ഭാഗമാകും.
നിലവില്‍ ഐഎഎഫിന്റെ പക്കല്‍ 250 എംഐ – 17 ചോപ്പെറുകളാണുള്ളത്. ഒന്നില്‍ 30 ട്രൂപ്പുകളെ വരെ വഹിക്കാന്‍ കഴിയും.
ഹെലികോപ്റ്ററിന്റെ എഞ്ജിന്‍ നിര്‍മ്മിക്കുന്നത് ഫ്രെഞ്ച് സാഫ്രന്‍ ഹെലികോപ്റ്റര്‍ എഞ്ജിന്‍സും എച്ച്എഎല്ലും ചേര്‍ന്നായിരിക്കും. എയിറൊ ഇന്ത്യ 2023-ല്‍ ഇതിനായുള്ള കരാര്‍ ഒപ്പിട്ടതായാണ് വിവരം. ഒരു ഹെലികോപ്റ്ററിന്റെ വില 300 കോടി രൂപയോളമായിരിക്കും. അഞ്ഞൂറിലധികം ഹെലികോപ്റ്ററുകള്‍ ഓര്‍ഡര്‍ ചെയ്യാനാണ് എച്ച്എഎല്‍ ഉദ്ദേശിക്കുന്നതെന്നും തജാര്‍ അറിയിച്ചു.