ഹാജി അലി ദര്‍ഗയുടെ പുറത്ത് ചില സ്ത്രീകള്‍ നിന്ന് സെല്‍ഫിയെടുക്കുന്നു, മറ്റു ചിലര്‍ അകത്ത് പ്രവേശിക്കുന്നു. പക്ഷെ ശാന്തമാണ് അവിടം. പ്രതിഷേധങ്ങളില്ല, വഴിതടയലില്ല. രണ്ടുവര്‍ഷം മുമ്പാണ് മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ബോംബെ ഹൈക്കോടതിയുടെ ചരിത്രപരമായ വിധി വന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നേടിയെടുത്തതാണ് ഈ അവകാശം. മതപൗരോഹത്യം ഇതിനെതിരെ കടുത്ത എതിര്‍പ്പുകളും പ്രതിഷേധവും നടത്തിയിരുന്നു. എന്നാല്‍ കോടതിവിധിയോടെ എല്ലാം നിന്നു. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധങ്ങളും അക്രമങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ഇത്.
സ്ത്രീകള്‍ക്ക് പൂർണമായും പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് 2011-12 കാലയളവിലാണ് ദർഗ ട്രസ്റ്റ് ഉത്തരവിറക്കിയത്. എന്നാൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിശ്വാസികൾ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പിന്നീട് 2016ല്‍ കോടതി വിധി പുറപ്പെടുവിച്ചു. ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലെ, അന്ന് ഹാജി അലി ദര്‍ഗയ്ക്കു മുന്നിലും സ്ത്രീകള്‍ പ്രവേശിക്കുന്നത് എതിര്‍ത്ത് ആളുകള്‍ എത്തിയിരുന്നു.
നേരത്തേ പ്രവേശനാനുമതി ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇടക്കാലത്താണ് ഇത് നിര്‍ത്തി വച്ചത്. എന്നാല്‍ ഈ നിയമത്തില്‍ മാറ്റം വരുത്തിയതില്‍ സന്തോഷമുണ്ടെന്ന് ഇവിടെ എത്തുന്ന വിശ്വാസികള്‍ പറയുന്നു. ഉത്തരേന്ത്യയില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സ്ത്രീകള്‍ ഹാജി അലി ദര്‍ഗയില്‍ എത്തുന്നുണ്ട്.
സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി രണ്ടാഴ്ചത്തെ സമയമാണ് 2016 ഒക്ടോബര്‍ 24ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. സുപ്രീം കോടതി നാല് മാസത്തെ സമയം അനുവദിച്ചു.
സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടപഴകുന്നത് ഇസ്ലാമിന് നിഷിദ്ധമാണെന്നും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്നും ഇവരെ പള്ളിയ്ക്കകത്ത് കയറ്റാനാവില്ലെന്നും മറ്റും ഹാജി അലി ദര്‍ഗ ട്രസ്റ്റ് വാദിച്ചിരുന്നു. തങ്ങള്‍ ചെറുപ്പത്തില്‍ ദര്‍ഗ സന്ദര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ 2012ല്‍ ഇത് നിരോധിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരും കോടതിയില്‍ പറഞ്ഞിരുന്നു.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം, സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന സമയത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ എടുത്തുമാറ്റി. കോടതി വിധിക്കു ശേഷം 2016 നവംബറില്‍ 75-80 വരുന്ന സ്ത്രീകളുടെ സംഘം ദര്‍ഗ സന്ദര്‍ശിച്ചു.