ന്യൂഡല്‍ഹി: ഈ വര്‍ഷം മുതല്‍ ഹജ് സബ്സിഡി നിര്‍ത്തലാക്കിയതായി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. ചരിത്രത്തിലേറ്റവും കൂടുതലായ 1-75ലക്ഷം മുസ്ലീംങ്ങള്‍ ഹജ്ജിന് പോകുന്ന വര്‍ഷമാകും ഇതെന്നും മന്ത്രി പറഞ്ഞു. നാല്‍പ്പത്തിയഞ്ചു വയസ്സിനുമുകളില്‍ പ്രായമുള്ള മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷന്മാരില്ലാതെ ഹജ്ജിന് പോകാം എന്ന നിയമം പാസാക്കിയതിന് തൊട്ടടുത്ത ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഹജ് സബ്സിഡി നിര്‍ത്തലാക്കിയതായി പ്രഖ്യാപിക്കുന്നത്. കുറഞ്ഞത് നാല് സ്ത്രീകള്‍ ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ.

“ഹജ് സബ്സിഡി ഫണ്ടുകള്‍ ന്യൂനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ശാക്തീകരണത്തിനുമായി ഉപയോഗിക്കും” മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ്‌ ഹജ് നയം പരിശോധിക്കുവാനും 2018-22വര്‍ഷങ്ങളിലെ ഹജ് നയത്തിന്‍റെ കരടുരേഖ തയ്യാറാക്കുന്നതിനുമായി ന്യൂനപക്ഷ മന്ത്രാലയം ഒരു കമ്മിറ്റിയെ നിയമിക്കുന്നത്. നാല്‍പ്പത്തിയഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ള നാലില്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ട് എങ്കില്‍ പുരുഷന്മാര്‍ ഇല്ലാതെ തന്നെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാം എന്ന ഭേദഗതി കൊണ്ടുവന്നത് ഇതേ കമ്മറ്റിയാണ്.

ഇതിനുപുറമെ ഹജ് യാത്ര ആരംഭിക്കുന്ന സ്ഥലങ്ങള്‍ 21ല്‍ നിന്നും ഒമ്പതാക്കി ചുരുക്കിയിട്ടുമുണ്ട്. ഡല്‍ഹി, ലക്‌നൗ, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നീ സ്ഥലങ്ങളിലാകും അത്. ഈ സ്ഥലങ്ങളില്‍ ഹജ് ഹൗസുകള്‍ തുടങ്ങുവാനും തീരുമാനിച്ചതായി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ഇന്ത്യയില്‍ നിന്നും കപ്പല്‍ മാര്‍ഗം സൗദിയിലേക്ക് പോകുന്ന കാര്യം അവിടത്തെ സര്‍ക്കാരുമായി സംസാരിച്ചു വരികയാണ് എന്ന് പറഞ്ഞ മന്ത്രി ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നതായും അറിയിച്ചു.

“ന്യൂനപക്ഷങ്ങളെ അന്തസ്സോടെയും പ്രീണനമില്ലാതെ നിലനിർത്താനുള്ള ഞങ്ങളുടെ നയത്തിന്റെ ഭാഗമാണിത്” മുഖ്താര്‍ അബ്ബാസ് നഖ്‌വി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook