എണ്ണ വില വർധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന് കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗയ് ലഫോന്ഡന്റ് രാജിവെച്ചു. ഇന്ധന സബ്സിഡി എടുത്ത കളയാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. താൻ പ്രസിഡൻറിന് രാജിക്കത്ത് രാജിസമർപ്പിച്ചുവെന്ന് ജാക്ക് പറഞ്ഞു. ലഫോന്ഡന്റിന്റെ രാജി പ്രസിഡന്റ് ജോവെനെൽ മോയിസ് അംഗീകരിച്ചു.
ഹെയ്തിയിൽ ഇന്ധന സബ്സിഡി ഇല്ലാതാക്കിയതോടെ ഗ്യാസ് ഓയിലിന്റെ വില 38 ശതമാനവും ഡീസലിന്റെ വില 47 ശതമാനവും മണ്ണെയുടെ വില 51 ശതമാനവും വർധിച്ചിരുന്നു.
വില വർധനവിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഏകദേശം ഏഴ് പേർ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനമൊഴിയാൻ നിർബന്ധിതനാകുകയായിരുന്നു.