ആഗ്ര: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി, രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി മുറിച്ചെന്ന സംഭവത്തില്‍, മന്ത്രിവാദിയെന്നാരോപിച്ച് 60കാരിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മുത്നൈ ഗ്രാമത്തിലെ ദളിത് കുടുംബത്തില്‍പെട്ട മാല ദേവിയെയാണ് ആള്‍ക്കൂട്ടം ദുര്‍മന്ത്രവാദിയെന്നാരോപിച്ച് തല്ലിക്കൊന്നത്.

രാത്രി പ്രാഥമിക കൃത്യത്തിനായി വീടിനു പുറത്തു പോയ മാല ദേവി, സ്ഥലം മാറി തൊട്ടടുത്ത ചേരിയില്‍ എത്തുകയായിരുന്നു. ഇവര്‍ക്ക് കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടായിരുന്നതിനാല്‍, വീടിനു പുറത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ മേല്‍ തട്ടിവീഴുകയും ഉണര്‍ന്ന പെണ്‍കുട്ടി ഇവരെ കണ്ട് ഭയന്ന് നിലവിളിക്കുകയുമായിരുന്നു. ഓടിക്കൂടിയ ജനക്കൂട്ടം വിധവയായ മാലാ ദേവി, വെള്ളസാരി ഉടുത്ത് എത്തിയ മന്ത്രവാദിയാണെന്നും പറഞ്ഞ് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

താന്‍ മന്ത്രവാദിയല്ലെന്നും ദയവായി തന്നെ വീട്ടിലെത്താന്‍ സഹായിക്കണമെന്നും മാലാ ദേവി പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം അവര്‍ക്ക് ചെവി കൊടുത്തില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ രണ്ട് പേര്‍ക്കെതിരെ മാലാ ദേവിയുടെ മകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ അമ്മയെ തല്ലിക്കൊന്ന ശേഷം മൃതദേഹം തങ്ങളുടെ പ്രദേശത്ത് കൊണ്ടുവന്നിടുകയാണ് ഇവര്‍ ചെയ്തതെന്ന് മകന്‍ ആരോപിക്കുന്നു.

എന്നാല്‍ മുടി മുറിക്കുന്ന ഭീതി പ്രദേശത്ത് നിലനില്‍കുന്ന സമയത്ത് രാത്രി അറിയാത്തൊരാളെ ഉറങ്ങിക്കിടക്കുന്നിടത്തു കണ്ടാല്‍ സ്വാഭാവികമായും ആരായാലും പേടിക്കുമെന്നും അങ്ങിനെയാണ് സംഭവങ്ങള്‍ ഉണ്ടായതെന്നും ആരോപണ വിധേയരില്‍ ഒരാളുടെ അമ്മ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശങ്ങളിൽ സ്ത്രീകള്‍ക്കു നേരെ വിചിത്രമായ ആക്രമണം നടന്നുവരികയാണ്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി മുറിച്ചെടുക്കുന്ന രീതിയിലാണ് ആക്രമണം. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ പലര്‍ക്കും മുടിയില്ല. എന്നാല്‍ മറ്റ് മോഷണ ശ്രമങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. സംഭവത്തിനു പിന്നില്‍ ദുര്‍മന്ത്രവാദികളും പ്രേതങ്ങളുമാണെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. ചില സാമൂഹിക വിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ വിശദീകരണം. അന്വേഷണം നടന്നു വരികയാണ്.

ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഉള്‍പ്രദേശങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ത്രീകള്‍ എണീക്കുമ്പോള്‍ മുറിച്ച് മാറ്റിയ നിലയില്‍ മുടിയും കത്രികയും കണ്ടെത്തുകയായിരുന്നു. കറുത്ത പൂച്ചയും നിഴലുകളും ചിലര്‍ കണ്ടത് ഭീതി പടര്‍ത്തി. ദുഷ്ട ശക്തികളുടെ ആക്രമണമായാണ് ഗ്രാമവാസികള്‍ പലരും ഇത് കരുതുന്നത്. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഭീതി പടരുന്നത് തടയാന്‍ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ