ലാഹോർ: തനിക്കെതിരെ അമേരിക്കയുടെ പ്രിയപ്പെട്ടവനാണെന്ന പ്രയോഗം നടത്തിയ പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് 10 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ലഷ്കർ നേതാവ് ഹാഫിസ് സയീദിന്റെ വക്കീൽ നോട്ടീസ്. മതവിശ്വാസം മുറുകെപ്പിടിക്കുന്ന കാര്യത്തിലും മുസ്‌ലിം പണ്ഡിതനെന്ന നിലയിലും വളരെ ആദരിക്കപ്പെടുന്ന നേതാവാണ് സയീദെന്ന് മന്ത്രിക്കയച്ച നോട്ടീസിൽ ഇയാളുടെ അഭിഭാഷകൻ എ.കെ.ദോഗാർ പറഞ്ഞു. സയീദ് ജീവിതത്തിലിതുവരെ വൈറ്റ് ഹൗസിന്റെ അടുത്ത് പോലും പോയിട്ടില്ല. അമേരിക്കൻ അധികൃതരുടെ വിരുന്നുകാരനായിട്ടുമില്ല. എന്നാൽ സയീദിനെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾ ഞെട്ടിച്ചു. ഇത്തരം അപകീർത്തിപരമായ പദങ്ങൾ ഒരിക്കലും തന്റെ കക്ഷിക്കെതിരെ പ്രയോഗിക്കാൻ പാടില്ലായിരുന്നുവെന്നും നോട്ടീസിൽ പറയുന്നു.

ലഷ്കറെ തയിബ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനുമായ ഭീകരൻ ഹാഫിസ് സയീദ് പാക്കിസ്ഥാനും തെക്കൻ ഏഷ്യൻ മേഖലയ്ക്കും ബാധ്യതയാണെന്നും ഇയാൾ കുറച്ച് വർഷം മുമ്പ് വരെ അമേരിക്കയുടെ പ്രിയങ്കരനായിരുന്നെന്നും ആസിഫ് ന്യൂയോർക്കിൽ നടന്ന ചടങ്ങിനിടെ പറഞ്ഞിരുന്നു.

“ഹാഫിസ് സയീദിനെ പോലുളളവര്‍ ഞങ്ങള്‍ക്ക് ബാധ്യതയാണ്. അത് ഞാന്‍ സമ്മതിക്കുന്നു, എന്നാല്‍ ഈ ബാധ്യത തുടച്ചുനീക്കാന്‍ സമയം വേണം. ഇപ്പോള്‍ ഈ ബാധ്യത തുടച്ചുനീക്കാനുളള ആസ്തി ഞങ്ങളുടെ പക്കലില്ല”, അദ്ദേഹം പറഞ്ഞു. ഹാഫിസ് സയീദിന്‍റെ ലഷ്കറെ തയിബ നിരോധിക്കപ്പെട്ടേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച പാക് വിദേശകാര്യമന്ത്രി ഹാഫിസ് സയീദ് ജയിലിലാണെന്നും പറഞ്ഞു. ഭീകര സംഘടനയ്ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഖ്വാജ സമ്മതിക്കുന്നുണ്ട്. സംഘടന പാക്കിസ്ഥാനും ദക്ഷിണേഷ്യന്‍ മേഖലയ്ക്കും പ്രതിസന്ധിയാവുമ്പോള്‍ വലിയ ബാധ്യതയായി മാറുന്നുവെന്നും ഇക്കാര്യം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ