/indian-express-malayalam/media/media_files/uploads/2017/11/hadiya2-1.jpg)
സേലം: ആഗ്രഹിച്ച സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് ഹാദിയ. കേളേജിൽ ആരെയൊക്കെ കാണാൻ കഴിയുമെന്നറിയില്ല. കഴിഞ്ഞ ആറ് മാസം വീട്ടു തടങ്കലിലായിരുന്നു. കോളേജ് തടവറയാണോയെന്ന് 2 ദിവസത്തിന് ശേഷമേ പറയാനാകൂ. എത്രയും പെട്ടെന്ന് തനിക്ക് വേണ്ടപ്പെട്ടവരോട് സംസാരിക്കണമെന്നും ഹാദിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എനിക്ക് ഇഷ്ടപ്പെട്ടവരെ കാണാനും സംസാരിക്കാനുമുളള സ്വാതന്ത്ര്യം വേണമെന്നാണ് ഞാൻ കോടതിയോട് ആവശ്യപ്പെട്ടത്. ആറു മാസം എനിക്ക് ഇഷ്ടപ്പെടാത്തവരെ മാത്രമാണ് ഞാൻ കണ്ട്, സംസാരിച്ചത്. അവർ എന്നോട് സംസാരിക്കുകയല്ല, മതപരിവർത്തനത്തിന് നിർബന്ധിക്കുകയാണ് ചെയ്തത്- ഹാദിയ പറഞ്ഞു.
ഷെഫിൻ ജഹാൻ തന്റെ ഭർത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാനാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇന്നും ശ്രമിക്കും. തന്നെ ചിലർ പഴയ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു. ഇതിനായി ശിവശക്തി യോഗാ സെന്ററിലുള്ളവരുടെ കൗൺസിലിങ് ഉണ്ടായിരുന്നു. പത്രസമ്മേളനം നടത്തി സനാതന ധർമത്തിലേക്കു വന്നെന്നു നീ പറഞ്ഞേ പറ്റുവെന്ന് പറഞ്ഞു. കൗൺസലിങ്ങിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും അവർ ആരൊക്കെയാണെന്ന് തനിക്കറിയില്ലെന്നും ഹാദിയ പറഞ്ഞു.
എന്റെ മാനസികനില ഡോക്ടർമാർക്ക് പരിശോധിക്കാം. എനിക്കൊരു കുഴപ്പവുമില്ലെന്നു ഞാൻ സ്വയം പറഞ്ഞാൽ അതിനു വിലയുണ്ടാകില്ല. അതുകൊണ്ട് ഏത് ഡോക്ടർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ പറഞ്ഞു.
Read More: ഹാദിയയുടെ പിതാവ് അശോകനുമായുള്ള അഭിമുഖം; "സിറിയയിൽ പോകാൻ അവർക്ക് ഉദ്ദേശമുണ്ടായിരുന്നു"
ഹാദിയയെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് കൊണ്ടുവരാൻ കൊച്ചിയിലെ ആർഷ വിദ്യാ സമാജം എന്ന യോഗ സ്ഥാപനത്തെ സമീപിച്ചതായി അശോകൻ ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവിടെ നിന്നുളള ഒരു സന്നദ്ധ പ്രവർത്തകൻ ഹാദിയെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ക്യാംപസിൽ വച്ച് ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ കേളേജ് ഡീൻ അനുമതി നൽകി. പൊലീസ് സാന്നിധ്യത്തിലായിരിക്കും സന്ദർശനം അനുവദിക്കുക. അതേസമയം, ഹോസ്റ്റലിൽ ആർക്കും ഹാദിയയെ കാണാനാകില്ല. ഹാദിയയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനും അനുമതിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.