/indian-express-malayalam/media/media_files/uploads/2017/08/hadiya-1.jpg)
ന്യൂഡല്‍ഹി: " ഞാനൊരു മുസ്ലീം ആണ്. എന്നെ ആരും നിര്‍ബന്ധിച്ചു മതംമാറ്റിയതല്ല. എന്നെ എന്‍റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം" ഹാദിയ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. ആറ് മാസങ്ങൾക്കു ശേഷം ആദ്യമായാണ് പുറം ലോകം ഹാദിയയുടെ ശബ്ദം കേട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രക്ഷിതാക്കളും പൊലീസും ചേർന്ന് ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടയിലാണ് ഹാദിയ മാധ്യമപ്രവർത്തകരോട് തന്രെ നിലപാട് വിളിച്ചു പറഞ്ഞത്.
ഇസ്‌ലാമായി മതം മാറിയ വൈക്കം ടിവി പുരം സ്വദേശി ഹാദിയയുടെ വിവാഹം 2017 മെയ് 24 നാണ് കേരളാ ഹൈക്കോടതി അസാധുവാക്കി. കൊല്ലം സ്വദേശി ഷെഫിൻ ജഹാനുമായി നടന്ന വിവാഹമാണ് ഹൈക്കോടതി അസാധുവാക്കിയത്. ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹർജിയിലാണ് ഹാദിയയുടെ വിവാഹം കോടതി റദ്ദാക്കിയത്. അച്ഛനോടൊപ്പം കോടതി അയച്ച ഹാദിയ പിന്നീട് പുറം ലോകം കണ്ടില്ല. സംഘപരിവാറിനെ അനുകൂലിച്ച് ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്ന രാഹുൽ ഈശ്വറിനും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കും മാത്രമാണ് ഈ ആറ് മാസത്തിനിടയിൽ ഹാദിയയെ കാണാൻ അച്ഛൻ അശോകൻ അനുമതി നൽകിയത്. ഹാദിയയെ കാണാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്കോ പൗരാവകാശ, മനുഷ്യാവകാശ പ്രവർത്തകർക്കോ മാത്രമല്ല, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഉൾപ്പടെയുളളവരെയും ഹാദിയയെ കാണാൻ അശോകൻ അനുവദിച്ചില്ല. ആറ് മാസത്തെ ഏകാന്തവാസത്തിന് ശേഷമാണ് ഹാദിയയുടെ ശബ്ദം പുറംലോകം കേൾക്കുന്നത് നവംബർ 25 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ്.
ഈ നിലപാട് പുറം ലോകം അറിഞ്ഞതിന് പിന്നാലെ ഹാദിയയ്ക്ക് മാനസികമായ പ്രശ്നങ്ങളുണ്ടെന്നും മാനസികമായി സമ്മർദ്ദം ചെലുത്തിയാണ് മതം മാറ്റിയതെന്നും അശോകന്രെ അഭിഭാഷകൻ അവകാശപ്പെട്ടു.
മതംമാറിയ ശേഷമാണ് ഹാദിയ വിവാഹിതയാകുന്നത്. വിവാഹ വെബ്സൈറ്റിൽ പരസ്യം നൽകിയാണ് ഷെഫിൻ ജഹാനെ വിവാഹം കഴിക്കുന്നത്. വൈക്കത്ത് നിന്നും സേലത്ത് പഠിക്കാനെത്തിയ വൈക്കം സ്വദേശി അഖിലയാണ് ഇസ്‌ലാം മത വിശ്വാസത്തിൽ ആകൃഷ്ടയാകുന്നത്. തുടർന്ന് മതം മാറുകയും അതിന് ശേഷം വിവാഹം കഴിക്കുകയുമാണ് ചെയ്യുന്നത്. വിവാഹത്തിന് ശേഷമല്ല ഹാദിയ മതം മാറിയത്. ഹാദിയ മതം മാറിയതിനെതിരെയാണ് അശോകൻ കേസ് കൊടുത്തിരുന്നത്.
/indian-express-malayalam/media/media_files/uploads/2017/10/hadiya-cats.jpg)
ഹാദിയ ഹിന്ദുമതത്തിലേക്ക് മടങ്ങി വരാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന വാദം അശോകൻ തള്ളി. “അവൾക്കൊരു മാറ്റവുമില്ല”, 57 കാരനായ അച്ഛൻ അശോകൻ ദ് ഇന്ത്യൻ എക്സ്‌പ്രസിനോട് സെപ്റ്റംബറിൽ നൽകിയ ഫോൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഹാദിയയെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് കൊണ്ടുവരാൻ ഇപ്പോൾ വിവാദമായ കൊച്ചിയിലെ ആർഷ വിദ്യാസമാജം എന്ന യോഗ സ്ഥാപനത്തെ സമീപിച്ചതായി അശോകൻ പറഞ്ഞു. അവിടെ നിന്നുളള ഒരു സന്നദ്ധ പ്രവർത്തകൻ ഹാദിയയെ സന്ദർശിച്ചിരുന്നു. ഹാദിയയെ ഈ കേന്ദ്രത്തിന്രെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് കൊണ്ടുവരാൻ ഹാദിയയെ അറിയാവുന്ന രണ്ട് പെൺകുട്ടികളെ അശോകൻ ക്ഷണിച്ചിരുന്നു. “ഞാൻ കരുതിയത് ആ പെൺകുട്ടിയുടെ (ആതിര) സംഭാഷണം എന്രെ മകളെ അപകടങ്ങളെ കുറിച്ച് തിരിച്ചറിയാൻ സഹായിക്കുമെന്നായിരുന്നു” അശോകൻ പറഞ്ഞു.
ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ച ഹാദിയ കേസില്‍ സുപ്രീംകോടതി വീണ്ടും കേള്‍ക്കുന്നത്.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഹാദിയയുടെ മതംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ വ്യക്തമാക്കിയതായി ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സമ്മതിക്കുകയുണ്ടായി. ഓഗസ്റ്റിലാണ് ഹാദിയയുടെ മതപരിവര്‍ത്തനം നിര്‍ബന്ധിതമാണോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുന്നത്.
ഹാദിയയുടെ വിവാഹം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും മതംമാറാൻ പണമോ മറ്റെന്തെങ്കിലുമോ പാരിതോഷികമായി വാങ്ങിയിട്ടില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതെന്ന് ഹാദിയ പറഞ്ഞതായി അറിയിച്ച ഉന്നത ഉദ്യോഗസ്ഥൻ, മതംമാറുന്നതിന് ഏതെങ്കിലും വിധത്തിലുള്ള പാരിതോഷികങ്ങൾ ഹാദിയ കൈപ്പറ്റിയിട്ടുമില്ലെന്നും സ്ഥിരീകരിക്കുന്നു.
Read More: അഖിലയിൽ നിന്നും ഹാദിയയിലേയ്ക്കുളള യാത്ര
പൊലീസിന്‍റെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു ഹാദിയയെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കാമെന്ന തീരുമാനത്തിലെത്തിച്ചേരുന്നത്. തുടക്കം മുതല്‍ ഏറെ രഹസ്യസ്വഭാവം പുലര്‍ത്തുന്ന കേസ് കൂടിയാണ് ഹാദിയയുടേത്. ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണം എന്ന് അച്ഛന്‍ അശോകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും കോടതി അത് തളളി. ഇന്ന് വീണ്ടും ഇതേ ആവശ്യവുമായി അശോകൻ വീണ്ടും കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനം നടത്തുകയാണ് പോപ്പുലർഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബയെന്നാരോപിച്ച അശോകൻ സുപ്രീംകോടതി അവരെ വിളിച്ചുവരുത്തണമെന്നായിരുന്നു അപേക്ഷയിൽ ഉയര്‍ത്തിയ മറ്റൊരു ആവശ്യം. ഹാദിയയെ മതപരിവർത്തനം നടത്തിയത് സൈനബയാണെന്ന് ആരോപിച്ച അശോകനോട് ഇക്കാര്യങ്ങൾ 27ന് പരിഗണിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്. അതേസമയം കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഒരു തവണ കൂടി എൻഐഎ ഹാദിയയെ സന്ദര്‍ശിച്ച് മൊഴി എടുത്തു.
നവംബര്‍ 20ന് ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനു അശോകന്‍ അനുമതി നിഷേധിച്ചിരുന്നു. ഈ മാസം ആറാം തീയതി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയ്ക്ക് ഹാദിയയെ കാണാന്‍ അനുമതി നല്‍കിയ അശോകന്‍ സംസ്ഥാന വനിതാ കമ്മീഷനെ നിഷേധിക്കുകയായിരുന്നു.
ഹാദിയയെ സന്ദര്‍ശിച്ച ശേഷം 'ഹാദിയ പിതാവിന്‍റെ സംരക്ഷണത്തില്‍ പൂര്‍ണ സുരക്ഷിതയാണെന്ന് പറഞ്ഞ ദേശീയ വനിതാ കമ്മീഷന്‍ 'ഹാദിയ കേസില്‍ നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നു ആരോപിച്ചത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ ആരോപണത്തെ തിരുത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നുവെന്നും പറയുകയുണ്ടായി. കേരളത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശ്രമമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ വിമര്‍ശിച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2017/08/josephhine.jpeg)
ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിച്ച സുപ്രീംകോടതി 'സമൂഹത്തിന്റെ അഭിപ്രായം നോക്കി വിധി പറയാനാകില്ല' എന്ന് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹാദിയയുടെയും അച്ഛൻ അശോകന്റെയും ദേശീയ അന്വേഷണ ഏജൻസിയുടെയും വാദം പ്രത്യേകം പ്രത്യേകം കേൾക്കുമെന്ന് പറഞ്ഞ കോടതി വിവാഹം പ്രായപൂർത്തിയായവരുടെ സ്വന്തം തീരുമാനമാണ് എന്നും ക്രിമിനൽ കേസുള്ളയാളെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമല്ല എന്നും നിരീക്ഷിക്കുകയുണ്ടായി. ഷെഫിൻ ജഹാന് എതിരായ പ്രാഥമികാന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
ഹാദിയയെ കോടതിയിൽ ഹാജരാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശത്തിനോട് പ്രതികരിക്കവേ കോടതി എന്തു പറഞ്ഞാലും അത് അംഗീകരിക്കുമെന്നായിരുന്നു ഹാദിയുടെ അച്ഛൻ അശോകൻ മാധ്യമങ്ങളോട് പറഞ്ഞത്. 'മകൾ ഏത് മതാചാരപ്രകാരം വിവാഹം ചെയ്താലും പ്രശ്നമില്ലെന്നും' എന്നാൽ 'ഈ ഗ്രൂപ്പ് ശരിയല്ലെന്നും' പറഞ്ഞ അശോകൻ ഹാദിയയെ വീട്ടുതടങ്കലാക്കിയെന്ന പ്രചാരണം തെറ്റാണെന്നും അവകാശപ്പെട്ടിരുന്നു. മൗലികമായ ആശയങ്ങളിൽ ആകൃഷ്ടനായ ചെറുപ്പക്കാരനാണ് ഷെഫിൻ എന്നും ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞത്.
ഇതിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് "അച്ഛൻ ക്രൂരമായി മർദ്ദിക്കുന്നു, ഞാൻ കൊല്ലപ്പെട്ടേക്കാം" എന്നും പറയുന്ന ഹാദിയയുടെ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടത്. എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈ വിഡിയോ പുറത്തുവിട്ടത്.
”എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും, നാളെയൊ മറ്റന്നാളോ ഞാന്‍ മരണപ്പെടും. എനിക്ക് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എനിക്കറിയാം. ഞാന്‍ പോകുന്നവഴി അച്ഛന്‍ എന്നെ തല്ലുന്നുണ്ട്, ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍...'' എന്നാണ് ഹാദിയ വിഡിയോയില്‍ പറയുന്നത്.
ഇതിനു പിന്നാലെ തന്നെ സംസ്ഥാന വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കോട്ടയം എസ്‌പിയോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. ഡിവൈഎസ്‌പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണമെന്നുമായിരുന്നു നിര്‍ദേശം.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കണം എന്നായിരുന്നു തുടക്കം മുതല്‍ അശോകന്‍ ഉയര്‍ത്തിയ ഒരാവശ്യം. ഒക്ടോബര്‍ ആദ്യം കേസില്‍ വാദം കേള്‍ക്കവേ കേസില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണ്ടെന്നായിരുന്നു കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണ്. എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തിൽ കണ്ടെത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ കൊല്ലം സ്വദേശിയായ മറ്റൊരു ചെറുപ്പക്കാരന്‍റെ പേരിലുള്ള കേസ് കേരളാ പൊലീസ് ഷെഫിന്‍ ജഹാന്‍റെ പേരില്‍ കെട്ടിവച്ചതായി ആരോപണം ഉയര്‍ന്നു. ഈ ചെറുപ്പക്കാരന്‍ തന്നെ അത് വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടുവരികയുമുണ്ടായി.
/indian-express-malayalam/media/media_files/uploads/2017/08/hadiya-2.jpg)
ഇതിനു തൊട്ടുപിന്നാലെ സംസ്ഥാന സർക്കാരിനെയും സംസ്ഥാന വനിതാ കമ്മീഷനേയും വിമർശിച്ചുകൊണ്ട് ഹാദിയയുടെ അച്ഛൻ അശോകൻ രംഗത്ത് വരികയുണ്ടായി. 'മകള്‍ കഴിയേണ്ടത് അച്ഛനും അമ്മയ്ക്കും ഒപ്പമാണെന്ന് മനസ്സിലാക്കണം. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കാണാതായ മറ്റ് കുട്ടികളെ കുറിച്ചും അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ സർക്കാർ കണ്ണടച്ചിരിക്കരുത്." കേസില്‍ വനിതാ കമ്മീഷന്‍ കക്ഷി ചേരേണ്ടെന്നും അശോകന്‍ പ്രതികരിച്ചു.
സെപ്റ്റംബറിലാണ് ഹാദിയ അവകാശലംഘനം നേരിടുന്നു എന്ന പേരില്‍ സുപ്രീംകോടതിയില്‍ കക്ഷിചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹാദിയയുടെ അവകാശലംഘനം ചൂണ്ടിക്കാട്ടി ഒട്ടനവധി വനിതാ സംഘടനകളും രാഷ്ട്രീയ കക്ഷികളും നല്‍കിയ പരാതിമേല്‍ ആയിരുന്നു വനിതാ കമ്മീഷന്‍ ഇടപെടല്‍. ഹാദിയ കേസിനെ സംഘപരിവാര്‍ സംഘടനകള്‍ രാഷ്ട്രീയമായുധമാക്കുന്ന എന്ന ആരോപണത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്. നേരത്തെ ഹാദിയ കേസിനെ കുറിച്ച് പ്രതികരിച്ച കേന്ദ്രമന്ത്രിയും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. 'മലപ്പുറം ജില്ലയില്‍ വലിയൊരു മതപരിവര്‍ത്തന കേന്ദ്രമുണ്ട് എന്നും അവിടെ ഒരുമാസത്തില്‍ ഏകദേശം 1000 പേര്‍ വരെ മതം മാറുന്നുണ്ട്.' എന്നുമായിരുന്നു കേന്ദ്രമന്ത്രി ഹന്‍സ്രാജ് അഹിര്‍ പറഞ്ഞത്.
തല പര്‍ദ്ദയിട്ട് മൂടിയ ഇരുപത്തിനാലുകാരി ഹാദിയ വാതില്‍ക്കല്‍ നിന്നുകൊണ്ട് ചോദിച്ചു; " എന്നെയിങ്ങനെയിട്ടാല്‍ ? എന്‍റെ ജീവിതം മതിയോ ? ഇതാണോ എനിക്കുള്ള ജീവിതം ? നിസ്കരിക്കുമ്പോള്‍ അച്ഛനും അമ്മയും വഴക്കുപറയാറുണ്ടോ എന്നു ചോദിക്കൂ?" രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഹാദിയ പറയുന്നു.
ഷെഫിന്‍ ജഹാന്‍റെ അപ്പീലിനുമേല്‍ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുൽ ഈശ്വർ ഈ വിഡിയോ പോസ്റ്റ് ചെയ്തത്.
"എനിക്ക് പറയാനുള്ളത് എന്‍റെ പൊന്നുമകളെ തിരിച്ചുകിട്ടണം" "എല്ലാരും ഉപദേശിച്ചുകൊടുത്തതാണ് എന്‍റെ കുഞ്ഞിനെ" രാഹുല്‍ ഈശ്വറിന്‍റെ ചോദ്യങ്ങള്‍ക്ക് ഹാദിയയുടെ അമ്മ പൊന്നമ്മ ആവര്‍ത്തിച്ചു മറുപടി നല്‍കി.
2016 ഓഗസ്റ്റ് 16 ന് തൻറെ മകളെ ഇന്ത്യയിൽ നിന്നും പുറത്തുകൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി അശോകൻ ഹൈക്കോടതിയിൽ പരാതി നൽകി. അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസിനു പിന്നാലെ വിചാരണ തുടരുകയായിരുന്നു. 2016 നവംബറിലാണ് രണ്ടുമാസത്തെ അവധിക്കായി കേരളത്തിലെത്തിയ ഷെഫിൻ ഡിസംബർ 19 ന് ഹാദിയയെ വിവാഹം നടത്തുകയായിരുന്നു. സൈനബയുടെ വീട്ടിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.
ഓഗസ്റ്റ് മാസം ഒരു മുസ്ലീം വിവാഹ സൈറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു ഇരുവരും. വിവാഹത്തിനു രണ്ടു ദിവസത്തിനു ശേഷം ഹാദിയയുടെ അച്ഛന്‍ കെ.എം.അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ബന്ധപ്പെട്ടുകൊണ്ട് കോടതി ഹാദിയയോട് ഹാജരാവാന്‍ ആവശ്യപ്പെടുന്നു. ഹാദിയയുടേത് നിര്‍ബന്ധിത മത പരിവര്‍ത്തനം ആയിരുന്നു എന്നായിരുന്നു രക്ഷിതാക്കള്‍ ഉയര്‍ത്തിയ വാദം.
കോടതിയില്‍ ഹാജരായ ഹാദിയ സ്വന്തം ഇഷ്ട പ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നു മൊഴി നല്‍കുന്നു. ഹാദിയയുടെ മതപരിവര്‍ത്തനം ഒരു ആസൂത്രിത പദ്ധതിയാണ് എന്നു കോടതിയില്‍ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹാദിയയെ സിറിയയിലേക്ക് കടത്തുവാനും ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാക്കുവാനും ശ്രമമുണ്ട് എന്നും പരാതയിൽ ആരോപിച്ചു. അന്ന് ആ വാദത്തെ കേരളാ പൊലീസ് തള്ളികളഞ്ഞിരുന്നു. പിതാവിന്റെ വാദത്തെ നിഷേധിച്ച ഹാദിയ താന്‍ എങ്ങോട്ടും പോകുന്നില്ലായെന്നും ഒരു ദേശവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നില്ലായെന്നും പറയുകയുണ്ടായി.
ഡിസംബര്‍ 21നു വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുന്ന കേരളാ ഹൈക്കോടതി ഹാദിയയെ ഒരു ഹോസ്റ്റലിലേക്ക് അയക്കുകയും ചെയ്യുന്നു. കോടതി വ്യവഹാരങ്ങള്‍ പതിവുപോലെ നടക്കുമ്പോഴും ഹാദിയയ്ക്ക് മറ്റുള്ളവരെ കാണുന്നതില്‍ വിലക്ക് നേരിടുന്നുണ്ടായിരുന്നു. ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്‍ തുടര്‍ന്ന് കോടതി നടപടികള്‍ക്കായി മസ്കറ്റിലെ ജോലിയുപേക്ഷിക്കേണ്ടി വന്നു.
/indian-express-malayalam/media/media_files/uploads/2017/08/shefin-and-hadiya.jpg)
അതിനിടയില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിനു കോടതി നിര്‍ദ്ദേശം വരുന്നു. അന്വേഷണത്തില്‍ ഷെഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനുള്ള ഒരു തെളിവും പൊലീസിനു ലഭിച്ചില്ലായെങ്കിലും. ഷെഫിന്‍ 'എസ്ഡിപിഐ കേരളം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ആണ് എന്നും ഇതിന് പുറമെ 'തണല്‍' എന്ന മറ്റൊരു വാട്സപ്പ് ഗ്രൂപ്പിലും ഷെഫിൻ അംഗമാണെന്നും ഈ രണ്ട് ഗ്രൂപ്പിലും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു അറസ്റ്റിലായ മാന്‍സി ബുറാക്കി അംഗമാണ് എന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. ബുറാക്കിയ്ക്ക് ഐസിസിനോടുള്ള ബന്ധം പുറത്തുവന്നയുടനെ തന്നെ ബുറാക്കിയയെ താൻ അഡ്‌മിനായ ഗ്രൂപ്പില്‍ നിന്നും തണൽ എന്ന ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായി ഷെഫിന്‍ കോടതിക്ക് വിശദീകരണം നല്‍കി. വാട്സപ്പ് ഗ്രൂപ്പിലൂടെ മാത്രമേ തനിക്ക് ബുറാക്കിയെ അറിയുകയുള്ളൂ എന്നും തനിക്ക് ബുറാക്കിയുമായി നേരിട്ടുള്ള പരിചയമില്ല എന്നും ഷെഫിന്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി.
ഇതിനുപിറകെ ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കികൊണ്ട് കേരളാ ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നു. " വിവാഹം എന്നത് അഖിലയുടെ (ഹാദിയയുടെ മുന്‍ പേര്) ജീവിതത്തിലെ സുപ്രധാന തീരുമാനം ആണ് എന്നും അത് അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ നടക്കാവൂ" എന്നും കോടതിവിധിയില്‍ പരാമര്‍ശം. രക്ഷിതാക്കള്‍ക്ക് ഹാദിയയെ ഒപ്പം കൊണ്ടുപോകാൻ കോടതി അനുമതി നൽകി.
ഹൈക്കോടതി വിധി വന്നപ്പോൾ എസ്ഡിപിഐയുടെയും ചില മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തിൽ ഹൈക്കോടതി മാർച്ച് നടന്നു. ഈ മാർച്ച് പൊലീസ് ലാത്തി ചാർജിൽ കലാശിച്ചു. തുടർന്ന് അടുത്ത ദിവസം ഹർത്താലും നടത്തി.
കോടതിനിര്‍ദ്ദേശ പ്രകാരം കോട്ടയം പൊലീസിന്‍റെ കാവലോടെയാണ് അന്നുമുതല്‍ ഹാദിയ വീട്ടില്‍ കഴിയുന്നത്. കോടതി വിധിയില്‍ ഖേദം രേഖപ്പെടുത്തിയ ഹാദിയ "ഞാനൊരു ഇരുപത്തിയഞ്ച് വയസ്സുള്ള ഇന്ത്യന്‍ പൗരയാണ്. എന്തിനാണ് കഴിഞ്ഞ അഞ്ചുമാസമായി കോടതി എന്നെ വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്? എന്‍റെ വിശ്വാസങ്ങള്‍ക്കും ഇഷ്‌ടങ്ങൾക്കും അനുസരിച്ച് ജീവിക്കാന്‍ കോടതി എന്നെ അനുവദിക്കാത്തത് എന്തുകൊണ്ടാണ് ?" എന്നും മെയ് മാസത്തില്‍ മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ ചോദിച്ചു.
ഷെഫിന്‍ ജഹാന്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുകയുണ്ടായി. ഷെഫിന്‍ ജഹാനെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറാന്‍ കേരളാ പൊലീസിനോട് പരമോന്നത കോടതി ആവശ്യപ്പെടുകയുണ്ടായി.
" ഹാദിയ കേസ് ഒറ്റപ്പെട്ടതാണോ.. അല്ലെങ്കില്‍ ഇതിനു കൂടുതല്‍ വ്യാപ്തിയുള്ള മറ്റൊരു തലമുണ്ടോ.." എന്നന്വേഷിക്കാന്‍ ആണ് സുപ്രീംകോടതി ബെഞ്ച് നിര്‍ദ്ദേശിച്ചത്. അതേസമയം ഹാദിയയുടേത് 'സൈക്കളോജിക്കല്‍ കിഡ്നാപ്പിങ്' ആണ് എന്ന വാദം മുന്നോട്ടുവച്ച എന്‍ഐഎ, ഹാദിയയുടെ കേസ് മറ്റുള്ള കേസുകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് എന്നും കേരളത്തിലെ 'ലൗ ജിഹാദ്' കേസുകളിള്‍ ഇത്തരത്തില്‍ സൈക്കളോജികല്‍ കിഡ്നാപ്പിങ് ആണ് നടക്കുന്നത് എന്നും കോടതിയില്‍ വാദിക്കുന്നു.
ഹാദിയയുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട ഷെഫിന്‍ ജഹാന്‍ തങ്ങളെ കത്തില്‍ കൂടി പോലും ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയുയര്‍ത്തുന്നു. " അവള്‍ക്കയച്ച കത്തുകള്‍ 'രക്ഷിതാക്കള്‍ നിഷേധിച്ചു' എന്ന വിശദീകരണത്തോടെ മടങ്ങി വരികയായിരുന്നു. ഒരു തവണ അവളെ കാണുവാനായി ടിവി പുരം വരെ ചെന്നിരുന്നുവെങ്കിലും പൊലീസ് എന്നെ വീട്ടില്‍ പ്രവേശിപ്പിച്ചില്ല " ഷെഫിന്‍ ജഹാന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടി നിലനില്‍ക്കുന്നില്ല എന്നും ഷെഫിന്‍ പരാതിപ്പെടുന്നു. " വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ട് അവളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമം നടക്കുകയാണ്. അതുകൊണ്ടാണ് ഹാദിയയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അവള്‍ ഇപ്പോഴും എന്‍റെ ഭാര്യയാണ്" ഷെഫിന്‍ പറഞ്ഞു.
താനും തന്‍റെ ഭാര്യയും ചെയ്ത കുറ്റം എന്താണ് എന്നു കോടതി വിശദീകരിക്കണം എന്നുപറഞ്ഞ ഷെഫിന്‍ " അവള്‍ അവളുടെ താത്പര്യത്തിനനുസരിച്ചാണ് ഒരു ജീവിത പങ്കാളിയേയും വിശ്വാസത്തേയും സ്വീകരിക്കുന്നത്. അതാണോ അവള്‍ ചെയ്ത തെറ്റ് " എന്ന് ചോദിക്കുന്ന ഷെഫിന്‍, "വിവാഹത്തിനു ശേഷവും രണ്ടേരണ്ടു ദിവസമാണ് എന്നെ എന്‍റെ ഭാര്യയോടൊപ്പം കഴിയാന്‍ അനുവദിച്ചത് " എന്നും പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.