ന്യൂഡൽഹി: ഹേബിയസ് കോർപസ് ഹർജിയിൽ വിവാഹം റദ്ദാക്കാൻ കഴിയുമോയെന്ന് ഹാദിയ കേസിൽ സുപ്രീംകോടതി. വിവാഹവും എൻഐഎ അന്വേഷണവും രണ്ടാണ്. മാനസിക പ്രശ്നങ്ങൾ ഇല്ലാത്തയാൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാം. ഹാദിയയുടെ ഭാഗം കൂടി കേൾക്കണമെന്നും കോടതി വ്യക്തമാക്കി.

അതിനിടെ ബിജെപി നേതാക്കളുടെ പേര് പരാമർശിച്ച ഷെഫിൻ ജഹാന്റെ അഭിഭാഷകനെ കോടതി താക്കീത് നൽകി. കേരളത്തിൽ സംഘർഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കേരളത്തിൽ പേകുന്നത് സംഘർഷം ഉണ്ടാക്കാൻ വേണ്ടിയാണെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനു മറുപടിയായി കോടതിയിൽ രാഷ്ട്രീയം പറയേണ്ടെന്ന് സുപ്രീംകോടതി ജഡ്ജിമാർ മറുപടി നൽകി. നിയമത്തിന്റെ പുറത്തുളള വിഷയങ്ങൾ ഉന്നയിക്കരുത്. ഭരണഘടനാപരവും നിയമപരവുമായ വിഷയങ്ങൾ മാത്രമേ കോടതിയിൽ ഉന്നയിക്കാവൂവെന്നും ജഡ്ജിമാർ വ്യക്തമാക്കി. കേസ് 30 ലേക്ക് മാറ്റി.

മെയ് 24നാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയും ഷെഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കളുടെ അനുമതി ഇല്ലാത്ത വിവാഹം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ