ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയുടെ നിർണ്ണായക തീരുമാനം. ഹാദിയയുടെ വിവാഹം റദ്ദാക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസിൽ ഹാദിയയ്ക്ക് കക്ഷി ചേരാമെന്ന് കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയായ പെൺകുട്ടി നേരിട്ട് വന്ന് പറയുമ്പോൾ, ആ വിവാഹം റദ്ദാക്കാൻ കോടതിക്ക് എന്താണ് അധികാരമെന്ന് കോടതി ചോദിച്ചു. ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസിക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയിൽ ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാതാപിതാക്കൾക്കൊപ്പം ഹാദിയയെ വിട്ടയച്ച ഹൈക്കോടതി വിധി രണ്ട് മാസം മുൻപാണ് സുപ്രീംകോടതി റദ്ദാക്കിയത്. നവംബർ 27 ന് ഹാദിയയെ സേലത്ത് ഇവർ പഠിച്ചിരുന്ന കോളേജിൽ പഠനം പൂർത്തീകരിക്കാനായി വിട്ടയക്കുകയായിരുന്നു.

മതംമാറ്റം വിവാദമായതോടെ ഹാദിയ കേസ് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധം ഉണ്ടെന്നതടക്കം ഹാദിയയുടെ അച്ഛൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടും സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ തള്ളി. വിവാഹം രണ്ട് വ്യക്തികളുടെ മാത്രം തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇരുവരുടെയും വിവാഹം നേരത്തേ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ