ന്യൂഡൽഹി: ഹാദിയ കേസില്‍ അശോകന്റെ വാദം ചോദ്യം ചെയ്ത് സുപ്രീം കോടതി. ഹാദിയ സിറിയയിൽ പോകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന അച്ഛന് അശോകന്റെ വാദത്തെയാണ് കോടതി ചോദ്യം ചെയ്തത്. വിദേശത്ത് പോകുമെന്ന് വിവരമുണ്ടെങ്കിൽ ഇടപെടേണ്ടത് സർക്കാരാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പരസ്പര സമ്മതത്തോടെയാണ് വിവാഹമെന്ന് ഹാദിയയും ഷെഫിൻ ജെഹാനും വ്യക്തമാക്കിയിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ്, ബലാൽസംഗമല്ല കേസ്. അതുകൊണ്ടു തന്നെ പങ്കാളികൾക്ക് ഇടയിലുള്ള സമ്മതത്തെപ്പറ്റി അന്വേഷണം നടത്താൻ കഴിയുമോയെന്നും കോടതി ചോദിച്ചു.
ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന് മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ സത്യവാങ്മൂലത്തിലുള്ള ആരോപണങ്ങള്‍ സുപ്രീം കോടതി നീക്കം ചെയ്തു. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് വരാന്‍ രാഹുല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു പരാമര്‍ശം. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 8ലേക്ക് മാറ്റി.
അച്ഛനും അമ്മയ്ക്കും ദേശീയ അന്വേഷണ ഏജൻസിക്കും എതിരെ അതിരൂക്ഷമായ കുറ്റപ്പെടുത്തലുകളാണ് ഹാദിയയുടെ ഹർജിയിലുളളത്. താൻ മുസ്ലിമാണ്, മുസ്ലിമായി ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഹാദിയ ഹർജി സമർപ്പിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതെന്നുമാണ് ഹാദിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഹാദിയയുടെ മതം മാറ്റത്തെയല്ല എതിർത്തതെന്നും വിവാഹത്തിന് പിന്നിൽ തീവ്രവാദ ബന്ധവും താത്പര്യവുമാണെന്നും അശോകൻ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ‘ഉപയോഗിക്കാന്‍ ശ്രമിക്കുന്ന’ ചിലരുടെ ‘പ്രേരണയാലാണ്’ പിതാവ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു.