ഭോപ്പാല്‍: ബിജെപിയുടെ ഭോപ്പാലിലെ സ്ഥാനാർഥിയായ പ്രഗ്യാ സിങ് ഠാക്കൂറിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.
പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ പ്രഗ്യാ സിങ് ഒന്ന് ശപിച്ചിരുന്നെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ഒഴിവാക്കാമായിരുന്നുവെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.
തന്റെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നു എന്നാണ് പ്രഗ്യാ സിങ് പറയുന്നത്. അവര്‍ മസൂദ് അസ്ഹറിനെ കൂടി ശപിച്ചിരുന്നെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആവശ്യമേ വരില്ലായിരുന്നു,’ദിഗ്‌വിജയ് സിങ് പറഞ്ഞു.
Read More: ‘ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്റെ ശാപം മൂലം’; അധിക്ഷേപം ചൊരിഞ്ഞ് പ്രഗ്യാ സിങ് ഠാക്കൂര്‍
2008ലെ മാലെഗാവ് സ്‌ഫോടനക്കേസില്‍ തന്നെ അന്യായമായി ഹേമന്ത് കര്‍ക്കറെ പ്രതി ചേര്‍ത്തുവെന്നും അതിന്റെ പേരില്‍ താന്‍ അദ്ദേഹത്തെ ശപിച്ചിരുന്നുവെന്നും പ്രഗ്യാ സിങ് പറഞ്ഞത് വലിയ വിവാദമായിരുന്നു.
‘നരകത്തില്‍ ഒളിച്ചിരിക്കുമ്പോള്‍ പോലും തങ്ങൾ ഭീകരരെ വേട്ടയാടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ പുല്‍വാമ, പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ എന്തുകൊണ്ടാണ് നമുക്കത് ഒഴിവാക്കാന്‍ സാധിക്കാതിരുന്നതെന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,’ ദിഗ്‌വിജയ് സിങ് പറഞ്ഞു.
നമ്മുടെ മതത്തില്‍ ‘ഹര്‍ ഹര്‍ മഹാദേവ്’ എന്നാണ് പറയാറുള്ളത്. പക്ഷെ ബിജെപിക്കാര്‍ ‘ഹര്‍ ഹര്‍ മോദി’ എന്ന് പറയുന്നു. ഗൂഗിളില്‍ ഫേക്കു (Fake) എന്ന് തിരഞ്ഞാല്‍ ആരുടെ ഫോട്ടോയാണ് കാണുകയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളായി കഴിയുന്ന രാജ്യമാണ് നമ്മുടേത്. എന്നാല്‍ ഹിന്ദുക്കള്‍ മാത്രം ഒന്നിക്കണമെന്നാണ് ഈ ആളുകള്‍ പറയുന്നത്. നമ്മുടെ രാജ്യം 500 വര്‍ഷത്തോളം മുസ്‌ലിങ്ങളാണ് ഭരിച്ചത്. ഒരു മതവും അക്രമിക്കപ്പെട്ടിട്ടില്ല. മതം വില്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ സൂക്ഷിക്കണം ദിഗ്‌വിജയ് സിങ് പറഞ്ഞു.